ഭാര്യയെയും രണ്ട് മക്കളെയും സുഹൃത്തിനേയും കൊലപ്പെടുത്തി ആത്മഹത്യാ നാടകം; മൂന്ന് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍
നോയിഡ: ഭാര്യയെയും രണ്ട് മക്കളെയും സുഹൃത്തിനേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായി വരുത്തിതീര്‍ത്ത് ആള്‍മാറാട്ടം നടത്തി കഴിഞ്ഞുവന്നയാളെ പോലിസ് പിടികൂടി. രാകേഷ് എന്ന മുപ്പത്തിയഞ്ചുകാരനെയാണ് കസ്ഗഞ്ച് പോലിസ് മൂന്നുവര്‍ഷത്തിന് ശേഷം പിടികൂടിയത്. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം.
2018 ല്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ രാകേഷ്, രണ്ട് മാസത്തിനുള്ളില്‍ ഒരു സുഹൃത്തിനെ കൊലപ്പെടുത്തി. അതില്‍ തന്റെ ഐഡി കാര്‍ഡ് വച്ച് ആത്മഹത്യയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആള്‍മാറാട്ടം നടത്തുകയാണ്. രാകേഷിന്റെ ഭാര്യ പിതാവ് 2018 ല്‍ നല്‍കിയ പരാതിയിലാണ് തന്റെ 27 വയസുള്ള മകളെയും രണ്ട് പേരക്കുട്ടികളെയും തട്ടികൊണ്ടുപോയതായി പരാതി നല്‍കിയത്. ഇതില്‍ രണ്ട് മാസം അന്വേഷണം നടത്തി തെളിവൊന്നും ലഭിക്കാതെയിരുന്നപ്പോഴാണ്. ധോല്‍ന സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും 'രാകേഷിന്റെ' മൃതദേഹം കിട്ടുന്നത്. ഇതോടെ പോലിസ് കേസ് അവസാനിപ്പിക്കുന്ന ഘട്ടത്തിലായി.
'2012 ലാണ് ഇത്താ സ്വദേശിനിയായ രതേഷിനെ രാകേഷ് വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് മൂന്ന് വയസുള്ള മകനും, രണ്ട് വയസുള്ള പെണ്‍കുഞ്ഞും ഉണ്ടായിരുന്നു. ഫെബ്രുവരി 14, 2018ന് ഇവരെ രാകേഷ് കൊലപ്പെടുത്തി. അധികം വൈകാതെ ഭാര്യ വീട്ടുകാര്‍ മകളെയും പേരക്കുട്ടികളെയും കാണാനില്ല എന്ന് പറഞ്ഞ് പരാതി കൊടുത്തു. രാകേഷിന്റെ വീട്ടുകാര്‍ രാകേഷിനെ കാണാനില്ലെന്ന് പറഞ്ഞും പരാതി നല്‍കിയിരുന്നു. അതേ സമയം 2018 ഏപ്രില്‍ 21 രാകേഷ് കസ്ഗഞ്ചില്‍ വച്ച് ഒരു സുഹൃത്തിനെ കൊലപ്പെടുത്തി ഐഡി കാര്‍ഡ് മൃതദേഹത്തിന്റെ പോക്കറ്റിലിട്ടു. അവിടുത്തെ പ്രദേശിക പോലിസ് ഇത് രാകേഷാണെന്ന് കരുതി മരണം റെക്കോഡ് ചെയ്തു' പൊലീസ് പറയുന്നു.
ആത്മഹത്യ എന്ന രീതിയിലാണ് 'രാകേഷ്' സുഹൃത്തിനെ കൊലപ്പെടുത്തി രംഗം സജ്ജീകരിച്ചതെങ്കിലും ഈ മരണം എങ്ങനെ നടന്നു എന്ന അന്വേഷണം കസ്ഗഞ്ച് പോലിസ് അവസാനിപ്പിച്ചിരുന്നില്ല. തുടര്‍ച്ചയായ അന്വേഷണത്തില്‍ രാകേഷ് ജീവിച്ചിരിപ്പുണ്ടെന്ന് അറിവ് കിട്ടിയതിനെ തുടര്‍ന്ന് മൂന്ന് കൊല്ലത്തിനിപ്പുറം പൊലീസ് രാകേഷിനെ ഗ്രേയ്റ്റര്‍ നോയിഡയില്‍ കണ്ടെത്തി അറസ്റ്റ് ചെയ്തു. കസ്ഗഞ്ച് കൊലപാതകത്തിലാണ് അറസ്‌റ്റെങ്കിലും ചോദ്യം ചെയ്യലില്‍ ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തി, മുന്‍പ് താമസിച്ച വീട്ടില്‍ കുഴിച്ചിട്ടെന്ന് ഇയാള്‍ സമ്മതിച്ചു. ഇവിടെ പരിശോധിച്ച പോലിസ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഡിഎന്‍എ പരിശോധന തുടങ്ങിയ മാര്‍ഗ്ഗങ്ങളും പൊലീസ് ഇതില്‍ സ്വീകരിച്ചേക്കും.