കാട്ടാന ഭീതി വേണ്ട: എലിക്കോട് എലിഫന്റ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സജ്ജം

Update: 2021-10-08 18:01 GMT

തൃശൂര്‍: കാട്ടാന ശല്യം രൂക്ഷമായ പാലപ്പിള്ളി മേഖലയില്‍ വനംവകുപ്പിന്റെ സേവനം ലഭ്യമാക്കുന്നതിനായി എലിഫന്റ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സേവനവും ഫോറസ്റ്റ് ഔട്ട്‌പോസ്റ്റും ഒക്ടോബര്‍ 10 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഔട്ട്‌പോസ്റ്റില്‍ മൂന്ന് സ്റ്റാഫുകളുടെ സേവനം കൂടാതെ അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം സുഗമമാക്കാന്‍ വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മേഖലയില്‍ വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ എംഎല്‍എ കെ കെ രാമചന്ദ്രന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അടിയന്തര നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ സേവനവും ഫോറസ്റ്റ് ഔട്ട്‌പോസ്റ്റും സജ്ജമാക്കിയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഔട്ട്‌പോസ്റ്റ് കെട്ടിടം ഒരുലക്ഷം രൂപ ചെലവഴിച്ചാണ് വനംവകുപ്പ് പുതുക്കിയത്.

ഔട്ട്‌പോസ്റ്റ് സജ്ജമാകുന്നതോടെ വരന്തരപ്പിള്ളി പഞ്ചായത്തില്‍ പാലപ്പിള്ളി റേഞ്ച് ഓഫീസിന് കീഴില്‍ വരുന്ന എലിക്കോട്, അക്കരപ്പാടി, കുണ്ടായി പാടികളിലെ നൂറോളം വരുന്ന ടാപ്പിംഗ് തൊഴിലാളികള്‍ക്ക് കാട്ടാനഭീതിയില്ലാതെ തൊഴിലെടുക്കാം. നൂറിലധികം ആദിവാസി കുടുംബങ്ങളുള്ള എലിക്കോട്, ചക്കിപ്പറമ്പ് പ്രദേശത്തും സ്‌ക്വാഡിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഇതിന് പുറമെ എലിക്കോട് ആദിവാസി കോളനിക്ക് ചുറ്റും വൈദ്യുതി വേലി നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മുന്നേറുകയാണെന്ന് പാലപ്പിള്ളി റേഞ്ച് ഓഫീസര്‍ കെ പി പ്രേം ഷമീര്‍ അറിയിച്ചു.

ഔട്ട്‌പോസ്റ്റ് ഉദ്ഘാടനം ഒക്ടോബര്‍ 10ന് രാവിലെ 9 മണിക്ക് എംഎല്‍എ കെ കെ രാമചന്ദ്രന്‍ നിര്‍വഹിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സംബുദ്ധ മജൂമ്ദാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Similar News