ജാഗ്രത തുടരും; തൃശൂരില്‍ 26 ക്യാംപുകളിലായി 216 കുടുംബങ്ങള്‍

Update: 2021-10-19 15:58 GMT

തൃശൂര്‍: ജില്ലയില്‍ നിലവില്‍ 26 ക്യാംപുകളിലായി 216 കുടുംബങ്ങള്‍ തുടരുന്നു. ഇതില്‍261 പുരുഷന്‍മാരും 309 സ്ത്രീകളും 134 കുട്ടികളുമുണ്ട്. ചാലക്കുടി, കൊടുങ്ങല്ലൂര്‍, മുകുന്ദപുരം, തൃശൂര്‍ താലൂക്കുകളിലാണ് ക്യാംപുകള്‍ തുടരുന്നത്. കൂടുതല്‍ ക്യാംപുകള്‍ ആവശ്യാനുസരണം തുറക്കാന്‍ എല്ലാ പഞ്ചായത്തുകളും സജ്ജമായിട്ടുണ്ട്.

മഴയുടെ പശ്ചാത്തലത്തില്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കി കൊണ്ടുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലയില്‍ നടപ്പിലാക്കുന്നത്. ഡാമുകളിലെയും പുഴകളിലെയും ജലനിരപ്പ്, മഴ എന്നിവ കൃത്യമായി നിരീക്ഷിച്ച് നടപടികള്‍ സ്വീകരിച്ച് വരികയാണ്.

ചിമ്മിണി ഡാമിന്റെ ഷട്ടറുകള്‍ 15 സെ.മീ യില്‍ നിന്ന് 30 സെ.മീ വരെ ഉയര്‍ത്താനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഘട്ടം ഘട്ടമായി കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. നിലവില്‍ ഷട്ടറുകള്‍ 19 സെ.മീ ആയി ഉയര്‍ത്തിയിട്ടുണ്ട്.

ഇന്നും നാളെയും ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് ആയതിനാല്‍ മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.പഞ്ചായത്ത് അധികൃതര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

ജില്ലാതലത്തിലും എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള പുഴയോരങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളിലും മൈക്ക് അനൗണ്‍സ്‌മെന്റ് വഴി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അധികൃതരുടെ നിര്‍ദേശ പ്രകാരം ഇവിടങ്ങളിലുള്ളവര്‍ ക്യാമ്പുകളിലേയ്ക്കും ബന്ധുവീടുകളിലേയ്ക്കും മാറിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് റവന്യൂ, ഫയര്‍ ആന്റ് റെസ്‌ക്യൂ, പൊലീസ്, കെഎസ്ഇബി തുടങ്ങിയ വിഭാഗങ്ങളും സജ്ജരാണ്.

Similar News