ബംഗളൂരുവില്‍ നിന്നും കഞ്ചാവും മയക്കുമരുന്നുമായി എത്തിയ ബിബിഎ വിദ്യാര്‍ഥി അറസ്റ്റില്‍
കോട്ടയം: ബംഗളൂരുവില്‍ നിന്ന് കഞ്ചാവും മയക്കുമരുന്നും കടത്തിക്കൊണ്ട് വരുന്നതിനിടെ ബിബിഎ വിദ്യാര്‍ഥി അറസ്റ്റില്‍. കോട്ടയം ജില്ലയിലെ വേളൂര്‍ മാണിക്കുന്ന് സ്വദേശി അഭിജിത്ത് നായര്‍ ആണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ ബിബിഎ വിദ്യാര്‍ഥിയായ അഭിജിത്ത് ഡ്യൂക്ക് ബൈക്കില്‍ മയക്കുമരുന്നുമായി വരുന്നതിനിടേ എംസി റോഡില്‍ വച്ച് കുറവിലങ്ങാട് പോലിസ് പിടികൂടുകയായിരുന്നു. പ്രതിയില്‍ നിന്നും 6.3 കിലോഗ്രാം കഞ്ചാവും ഏഴ് ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
ബംഗളൂരുവില്‍ നിന്നും കഞ്ചാവും, മയക്കു മരുന്നും കടത്തി കൊണ്ടുവന്ന് കോട്ടയത്തും പരിസര പ്രദേശങ്ങളിലും വില്‍പ്പന നടത്തുക എന്നതായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പോലിസ് പറഞ്ഞു. അന്തര്‍ സംസ്ഥാന ബന്ധമുള്ള കഞ്ചാവ്മയക്കുമരുന്ന് കടത്തുകാരില്‍ പ്രധാന കണ്ണിയാണ് പ്രതിയെന്ന് പോലിസ് സംശയിക്കുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവും, മയക്കു മരുന്നും കോടതിയില്‍ ഹാജരാക്കി.
കോട്ടയം ജില്ലാ പോലീസ് മേധാവി ശില്‍പ്പ ദ്യാവൈയ്യ ഐപിഎസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈക്കം ഡപ്യൂട്ടി പോലിസ് സൂപ്രണ്ട് തോമസ് എ ജെ, കോട്ടയം ആന്റി നാര്‍ക്കോട്ടിക്ക് സെല്‍ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് എം എം ജോസ്, കുറവിലങ്ങാട് പോലീസ് ഇന്‍സ്‌പെക്ടര്‍ സജീവ് ചെറിയാന്‍, സബ് ഇന്‍സ്‌പെക്ടര്‍ തോമസ് കുട്ടി ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ കുറവിലങ്ങാട് പോലീസ് സ്‌റ്റേഷന്‍ എഎസ്‌ഐ സാജുലാല്‍, സിപിഓമാരായ ജോസ് എ വി, ബിന്ദു, കോട്ടയം ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.