തൃശൂര്‍: ജവഹര്‍ലാല്‍ നെഹ്‌റു ഹോക്കി സംസ്ഥാന യോഗ്യത മത്സരങ്ങള്‍ക്ക് തൃശൂരില്‍ സമാപനം. ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ജെ എന്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി നടക്കുന്ന സംസ്ഥാന യോഗ്യതാ മത്സരങ്ങളാണ് സമാപിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ തൃശൂര്‍ സെന്റ് മേരീസ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ പൂര്‍ത്തീകരിച്ചത്.
അഞ്ച് ജില്ലകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്ത മത്സരങ്ങളുടെ ഫൈനല്‍ റൗണ്ടില്‍ ജി.ജി.എച്ച്.എസ്.എസ്. കോട്ടണ്‍ഹില്‍ സ്‌കൂള്‍, ജി.വി.എച്ച്.എസ്.എസ്. മലമ്പുഴ സ്‌കൂളിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു ദേശീയ മത്സരത്തിനുള്ള യോഗ്യത കരസ്ഥമാക്കി.
സമാപനോദ്ഘാടനം തൃശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ നിര്‍വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ രാധിക എന്‍ വി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദന മോഹനന്‍ മുഖ്യാതിഥിയായി. തൃശൂര്‍ വിദ്യാഭ്യാസ ഓഫീസര്‍ പി വി മനോജ് കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ എ എസ് മിഥുന്‍, ജൂനിയര്‍ സൂപ്രണ്ട് ഡയറക്ടര്‍ ഓഫ് ജനറല്‍ എഡ്യൂക്കേഷന്‍ അലോഷ്യസ് പി എന്നിവര്‍ പങ്കെടുത്തു.