ഇ-ശ്രാം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍: ജില്ലാതല ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു
തൃശൂര്‍: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ആധാര്‍ അധിഷ്ഠിത നാഷ്ണല്‍ ഡാറ്റാബേസ് ഇശ്രാം പോര്‍ട്ടലിലെ രജിസ്‌ട്രേഷന്‍ ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു. പഞ്ചായത്ത് തലത്തില്‍ ഏകോപിപ്പിച്ച് വളണ്ടിയര്‍മാരുടെ സഹകരണത്തോടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ പറഞ്ഞു.
ഭിന്നശേഷിക്കാരായ തൊഴിലാളികളുടെ രജിസ്‌ട്രേഷനായി പഞ്ചായത്ത് തലത്തില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. കുടുംബശ്രീ
സി ഡി എസുകളുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി ഹാളുകളില്‍ സൗകര്യമെരുക്കി കുടുംബശ്രീ അംഗങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
കൃഷി, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ, സ്വയം തൊഴില്‍ അംഗങ്ങള്‍, ലോട്ടറി തുടങ്ങിയ അസംഘടിത മേഖലയിലെ തൊഴിലാളികള്‍, ഇ എസ് ഐ / ഇ പി എഫ് ആനുകൂല്യങ്ങള്‍ ഇല്ലാത്തവര്‍,വരുമാന നികുതി പരിധിയില്‍ ഉള്‍പ്പെടാത്തവര്‍ തുടങ്ങിയവരാണ് നാഷ്ണല്‍ ഡാറ്റാബേസ് ഇശ്രാം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ആധാര്‍, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവയാണ്
രജിസ്‌ട്രേഷന്‍ രേഖകള്‍. eshram.gov.in എന്ന വെബ്‌സൈറ്റിലൂടെ നേരിട്ടോ , അക്ഷയ കേന്ദ്രങ്ങള്‍ , കോമണ്‍ സര്‍വീസ് സെന്ററുകള്‍ അഥവാ സി എസ് സി കേന്ദ്രങ്ങള്‍, പോസ്റ്റല്‍ ബാങ്ക് ഓഫിസുകള്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം. ജില്ലയിലെ തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഡിസംബര്‍ 31 നുള്ളില്‍ പൂര്‍ത്തിയാക്കണം.
കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ തൊഴില്‍ വകുപ്പ് ഓഫീസര്‍ കെ എസ് പ്രമോദ്, പോസ്റ്റല്‍ ബാങ്ക് ജില്ലാ ഹെഡ് നിമി, അക്ഷയ ജില്ലാ കോര്‍ഡിനേറ്റര്‍ മെവിന്‍, സി എ സി ജില്ലാ മാനേജര്‍ ബ്രിട്ടോ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പ്രതിനിധികള്‍, വിവിധ തൊഴിലാളി സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.