തൃശൂര്‍: പ്ലസ് വണ്‍ ഒന്നാം അലോട്ട്‌മെന്റ് ഘട്ടത്തിലും ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിലും ഏകജാലകത്തിലൂടെ പ്രവേശനം നേടിയവര്‍ക്ക് സ്‌കൂള്‍, കോമ്പിനേഷന്‍ മാറ്റത്തിന് അപേക്ഷിക്കാം. നവംബര്‍ 5 മുതല്‍ 6 ന് വൈകീട്ട് 4 മണി വരെ ഇതിനായി സമയം അനുവദിച്ചിട്ടുണ്ട്.
കാന്‍ഡിഡേറ്റഡ് ലോഗിനിലെ 'Apply for School /combination എന്ന ലിങ്കിലെ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് മുന്‍ഗണനാ അടിസ്ഥാനത്തില്‍ സ്‌കൂള്‍ കോമ്പിനേഷന്‍ ആവശ്യപ്പെടണം. ഏകജാലകത്തില്‍ ഒന്നാം ഓപ്ഷന്‍ ആവശ്യപ്പെട്ട് പ്രവേശനം നേടിയവര്‍ക്കും അധിക സീറ്റ് സൃഷ്ടിച്ച് പ്രവേശനം നേടിയ വിഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് അപേക്ഷിക്കാന്‍ കഴിയില്ല. പ്രവേശനം നേടിയ സ്‌കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കും മറ്റ് സ്‌കൂളിലെ അതെ കോമ്പിനേഷനിലേക്കും ഇതര കോമ്പിനേഷനിലേക്കും മാറ്റം ആവശ്യപ്പെടാം.
മുന്‍ഗണനാ ക്രമത്തില്‍ ഒന്നിലധികം കോമ്പിനേഷിലേക്കും അപേക്ഷിക്കാം. മാറ്റം കിട്ടിയാല്‍ നിര്‍ബന്ധമായും പോകണം. അതിനാല്‍ പോകാന്‍ താല്പര്യമുള്ള സ്‌കൂള്‍, കോമ്പിനേഷന്‍ മാത്രം തെരഞ്ഞടുക്കണം. മാറ്റം ആവശ്യമുള്ളവര്‍ സ്വന്തമായോ പ്രവേശനം നേടിയ സ്‌കൂള്‍ മുഖേനയോ മാറ്റത്തിന് അപേക്ഷിക്കാം. സ്വന്തമായി മാറ്റത്തിന് അപേക്ഷ ചെയ്യുന്നവര്‍ മാറ്റം വരുത്തിയതിന് ശേഷം ലിങ്കില്‍ കണ്‍ഫേം ചെയ്തു എന്ന് ഉറപ്പ് വരുത്തണമെന്ന് ഹയര്‍സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ വി എം കരീം അറിയിച്ചു. കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് ശേഷമുള്ള ഒഴിവിലേക്ക് നവംബര്‍ 17 ന് രണ്ടാം സപ്ലിമെന്ററി അപേക്ഷ സ്വീകരിക്കും.