തൃശൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുന്ന ആദ്യത്തെ തോടായ പെരുന്തോട്‌വലിയതോട് കൂടുതല്‍ പ്രയോജനപ്രദമാക്കുന്നതിന്റെ ഭാഗമായി ശാസ്ത്രീയപഠനം നടത്തുന്നു. സന്നദ്ധസംഘടനയായ കൈറ്റ്‌സ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ശാസ്ത്രീയപഠനം എന്ന ലക്ഷ്യത്തോടെ പെരുന്തോട് വലിയതോട് സമഗ്ര പഠന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വ്വഹിച്ചു.
കയ്പമംഗലം നിയോജക മണ്ഡലത്തില്‍ മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പെരുംതോട് വലിയ തോട് നവീകരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. വാട്ടര്‍ഷെഡ് മാപ്പിംഗ്, ഡ്രോണ്‍ മാപ്പിംഗ്, സര്‍വേ എന്നീ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കൂടുതല്‍ സമഗ്രവും ശാസ്ത്രീയവുമായ പഠനം നടത്തി സുസ്ഥിരവും സമഗ്രവുമായ രീതിയില്‍ പെരുന്തോട് വലിയതോട് പദ്ധതി ശുദ്ധജല തണ്ണീര്‍ത്തടമാക്കുക എന്നതാണ് ലക്ഷ്യം. കേരള കാര്‍ഷിക സര്‍വകലാശാലയിലെ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളജിലെ വിദ്യാര്‍ത്ഥികളാണ് പഠനം നടത്തുന്നത്.
പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ തോണിക്കുളത്തില്‍ നിന്ന് ആരംഭിച്ച്, മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ്, എറിയാട് എന്നീ പഞ്ചായത്തുകളിലൂടെയായി ഏകദേശം 17 കിലോമീറ്ററോളം നീളത്തില്‍ ഒഴുകുന്ന തോടിന്റെ കൈവഴികള്‍ മാപ്പ് ചെയ്യും. ശേഷം പെരുന്തോടിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്തെ മണ്ണും പഠനത്തിന് വിധേയമാക്കും. കൂടാതെ മലിനീകരണത്തെ കുറിച്ചുള്ള പഠനത്തിനായി തോടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച വെള്ളം രാസപരിശോധനയ്ക്കും ബാക്റ്റീരിയകളുടെ സാന്നിധ്യം അറിയാനുള്ള സൂക്ഷ്മ പരിശോധനയ്ക്കും വിധേയമാക്കും. തികച്ചും ശാസ്ത്രീയമായ ഒരു പഠന രീതിയുടെ സഹായത്തോടെ പെരുന്തോട് വലിയതോടിനെ സംരക്ഷിക്കുന്നതിനൊപ്പം നാടിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും എങ്ങനെ ഉപയോഗിക്കാമെന്നും, കാര്‍ഷിക ആവശ്യങ്ങള്‍ക്കും ജനങ്ങളുടെ ഉപജീവന മാര്‍ഗത്തിനായും സുസ്ഥിരമായൊരു സംരക്ഷണ പദ്ധതി തയ്യാറാക്കുന്നതിനായും പദ്ധതി ഏറെ സഹായകമാകും. കൈറ്റ്‌സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം അബൂഹാഷിം പി എസ്, കൈറ്റ്‌സ് ഫൗണ്ടേഷന്‍ പരിസ്ഥിതി വിഭാഗം കമ്മിറ്റി അംഗങ്ങളായ ചിഞ്ചു ജയകുമാര്‍, വര്‍ഗീസ് കെ പി എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കുന്നത്.
ഒരു കാലത്ത് നാടിന്റെ ജീവനാഡി എന്നറിയപ്പെട്ടിരുന്ന പെരുന്തോടിനെ അതിന്റെ പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവന്ന് നാടിനും ജനങ്ങള്‍ക്കും പ്രയോജനപ്രദമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന്
ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ പറഞ്ഞു. മതിലകം ബ്ലോക്ക് പ്രസിഡന്റ് സി കെ ഗിരിജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹന്‍ദാസ്, വാര്‍ഡ് മെമ്പര്‍ സുജ എന്നിവര്‍ പങ്കെടുത്തു.