തൃശൂര്‍: സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന 2ാം ബാച്ച് സാക്ഷരതാ പരീക്ഷ 'മികവുത്സവം 2021 ല്‍ തൃശൂര്‍ ജില്ലയില്‍ ഇതുവരെ 707 പേര്‍ പരീക്ഷ എഴുതി. ഇതില്‍ 568 പേര്‍ സ്ത്രീകളും 139 പുരുഷന്‍മാരുമാണ്. സംസ്ഥാന വ്യാപകമായി നവംബര്‍ 7 മുതല്‍ 14 വരെയാണ് മികവുത്സവം നടത്തുന്നത്. ജില്ലാ തലത്തില്‍ മികവുത്സവം പരീക്ഷാ സാമഗ്രികള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയാങ്ങാട്ടില്‍ വിതരണം ചെയ്തു. ബ്ലോക്ക് /നഗരസഭ തലങ്ങളില്‍ ബന്ധപ്പെട്ട ജനപ്രതിനിധികള്‍ ഇവ പഞ്ചായത്തുകളിലേക്ക് നല്‍കി. വിവിധ കേന്ദ്രങ്ങളിലെ മികവുത്സവം ജനപ്രതിനിധികള്‍ ചോദ്യപേപ്പര്‍ പഠിതാക്കള്‍ക്ക് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ചില പഞ്ചായത്തുകളില്‍ പഠിതാക്കള്‍ക്ക് എഴുതാനാവശ്യമായ പേന, പെന്‍സില്‍ എന്നിവ ജനപ്രതിനിധികള്‍ നല്‍കിയും പഠിതാക്കള്‍ക്ക് ലഡ്ഡു നല്‍കിയും പരീക്ഷയ്ക്ക് ഉത്സവഛായ പകര്‍ന്നു.