തൃശൂര്‍: കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക നഷ്ടം, കര്‍ഷകരുടെ പ്രതിരോധം എന്നിവയെക്കുറിച്ചുള്ള വെബിനാര്‍ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ആരംഭിച്ചു.
തീവ്ര കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടാകുന്ന സാമ്പത്തിക നഷ്ടവും കര്‍ഷകരുടെ അതിജീവനവും സംബന്ധിച്ച് ദേശീയ സെമിനാര്‍ കാര്‍ഷിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. ആര്‍ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളത്തെ ബാധിക്കുന്ന സമീപകാല കാലാവസ്ഥാ വ്യതിയാനങ്ങളുടെ ആഘാതങ്ങള്‍ വൈസ് ചാന്‍സലര്‍ ചൂണ്ടിക്കാട്ടി. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കായി സുസ്ഥിര മാതൃകകള്‍ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടല്‍ വഴിയുള്ള ലഘൂകരണമാണ് നമ്മുടെ സമൂഹത്തെയും പ്രദേശത്തെയും രാജ്യത്തെയും തന്നെ അനന്തരഫലങ്ങള്‍ക്കായി സജ്ജരാക്കാനുള്ള ഏക പോംവഴി.
ചെന്നൈ എംഎസ്എസ്ആര്‍എഫിലെ സീനിയര്‍ ഫെലോയും, കാലാവസ്ഥാ ശാസ്ത്രജ്ഞനും, കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവുമായ പ്രൊഫ. ടി. ജയരാമന്‍ മുഖ്യ കുറിപ്പ് അവതരിപ്പിച്ചു. വര്‍ധിച്ച കാലാവസ്ഥാ വ്യതിയാനം, ഉദ്പാദനത്തിലുള്ള അന്തരം കുറയ്ക്കുന്നതിനുള്ള നടപടികള്‍ എന്നിവയില്‍, കാര്‍ഷിക ഉല്‍പാദനത്തിലും വരുമാനത്തിലും ഉപജീവനത്തിലും വളര്‍ച്ച നിലനിര്‍ത്തുന്നതിനുള്ള തന്ത്രങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്. കാലാവസ്ഥാ ആഘാത ഗവേഷണങ്ങളിലെ അസംബന്ധത്തെക്കുറിച്ച് അദ്ദേഹം വ്യക്തമായി പരാമര്‍ശിച്ചു.
മുംബൈയിലെ ഐഎസ്ഇഇയുടെ സെക്രട്ടറി ഡോ. സി. എല്‍. ദധിച്ച് തന്റെ ആമുഖ പ്രസംഗത്തില്‍ സംഘടനയെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിച്ചു. വെള്ളാനിക്കര കാര്‍ഷിക കോളേജ് ഡീന്‍ ഡോ. മിനി രാജ് പരിപാടിയുടെ അധ്യക്ഷത വഹിച്ചു.
കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ റിസേര്‍ച് ഡയറക്ടര്‍ ഡോ. പി. ഇന്ദിരാദേവി, റിസേര്‍ച് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. കുഞ്ഞാമു ടി. കെ, കാലാവസ്ഥാ വ്യതിയാന കോളേജ് ഡീന്‍ ഡോ. നമീര്‍ പി. ഒ എന്നിവര്‍ പ്രസംഗിച്ചു.
സെമിനാര്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. എ. പ്രേമ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഡോ. ചിത്ര പാറയില്‍ നന്ദിയും പറഞ്ഞു.
കേരള കാര്‍ഷിക സര്‍വകലാശാലയും മുംബൈയിലെ ഇന്ത്യന്‍ സൊസൈറ്റി ഓഫ് അഗ്രികള്‍ച്ചറല്‍ ഇക്കണോമിക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന സെമിനാറില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം, കര്‍ഷക സമൂഹത്തിന്റെ പൂര്‍വസ്ഥിതി പ്രാപിക്കല്‍ എന്നീ വിഷയങ്ങള്‍ ഡോ. ശ്രീനാഥ് ദീക്ഷിത്, ഡോ. കവികുമാര്‍, ഡോ. സുരേഷ് കുമാര്‍ ഡി, തുടങ്ങിയ ശാസ്ത്രജ്ഞന്മാര്‍ ചര്‍ച്ചചെയ്യും.