'ശ്രം' മെഗാ തൊഴില്‍മേള: 132 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുത്തു

Update: 2022-02-20 01:01 GMT
ശ്രം മെഗാ തൊഴില്‍മേള: 132 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുത്തു

കോഴിക്കോട്: ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ സംഘടിപ്പിച്ച 'ശ്രം 2022' മെഗാ തൊഴില്‍മേളയില്‍ 132 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുത്തു. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, കോഴിക്കോട് ജില്ലാ ഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ നൈപുണ്യ വികസന സമിതി എന്നിവ സംയുക്തമായാണ് തൊഴില്‍മേള സംഘടിപ്പിച്ചത്. 841 ഉദ്യോഗാര്‍ഥികള്‍ തൊഴില്‍മേളയില്‍ പങ്കെടുത്തു.

എന്‍ജിനീയറിംഗ്, ടെക്‌നോളജി ഐ ടി, ആരോഗ്യം, ടൂറിസം, ഓട്ടോ മൊബൈല്‍, വിദ്യാഭ്യാസം, മീഡിയ, വാണിജ്യ വ്യവസായം, സെയില്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളിലെ 200 ഓളം തസ്തികകളിലേക്കായി 55 കമ്പനികളാണ് ഉദ്യോഗാര്‍ഥികള്‍ക്കായെത്തിയത്. 1500 ഓളം അപേക്ഷകളാണ് ലഭിച്ചത്. 2504 ഒഴിവുകളിലേക്കായി നടന്ന അഭിമുഖങ്ങളില്‍ 799 ഒഴിവുകളിലേക്ക് ചുരുക്കപ്പട്ടിക തയ്യാറായി. നാല് കമ്പനികള്‍ ഓണ്‍ലൈനായാണ് അഭിമുഖം നടത്തിയത്.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ SANKALP പദ്ധതിയുടെ ഭാഗമായി നടന്ന മേളയില്‍ എസ്എസ്എല്‍സി മുതല്‍ ബിരുദ, ബിരുദാനന്തര ബിരുദ, പ്രൊഫഷണല്‍ കോഴ്‌സുകള്‍ കഴിഞ്ഞവരും എന്‍എസ്‌ക്യുഎഫ് അനുസൃതമായ ഹ്രസ്വകാല നൈപുണ്യ പരിശീലനം നേടിയവരും പങ്കെടുത്തു. ഒരു ഉദ്യോഗാര്‍ഥിക്ക് പരമാവധി അഞ്ച് തസ്തികകളിലേക്ക് വരെ അപേക്ഷിക്കാമായിരുന്നു.

കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി തുറമുഖം മ്യൂസിയം ആര്‍ക്കിയോളജി വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കളക്ടര്‍ മുകുന്ദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.ആര്‍ മായ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സി. സി സത്യഭാമ, എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ നജീബ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എം പ്രസാദ് നന്ദി പറഞ്ഞു.