മാടവന ബദരിയ്യ മഹല്ലുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകര്‍ അടിസ്ഥാനരഹിതമെന്ന്

Update: 2022-06-06 13:11 GMT

മാടവന: മാടവന ബദരിയ്യ മഹല്ലുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിക്കെതിരെ പത്രദൃശ്യസാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അത്താണി ഹല്‍ഖ നാസിം പി.എസ് ഹബീബുല്ല മാസ്റ്റര്‍ അറിയിച്ചു. 

മഹല്ലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബദരിയ്യ മഹല്ല് വികസന സമിതിയെന്ന പേരില്‍ ഒരു പാനലും ഐക്യ സംരക്ഷണ സമിതിയെന്ന പേരില്‍ മറ്റൊരു പാനലുമാണ് മത്സരിച്ചത്. ഇതില്‍ ബദരിയ്യ മഹല്ല് വികസന സമിതിയെ പിന്തുണക്കുക മാത്രമാണ് ജമാഅത്തെ ഇസ്‌ലാമി ചെയ്തത്. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി മഹല്ല് ഭരണം കയ്യാളിയിരുന്ന ഐക്യ സംരക്ഷണ സമിതി, വഖഫ് ട്രെബ്യൂണലിന്റെ വിധിയുണ്ടായിട്ടും മഹല്ല് ഭരണഘടനക്ക് വിരുദ്ധമായ ആചാരങ്ങളാണ് നടപ്പിലാക്കി കൊണ്ടിരുന്നത്. ഇപ്രാവശ്യം നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച ബദരിയ്യ മഹല്ല് വികസന സമിതി, പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തതനുസരിച്ച് മഹല്ല് ഭരണഘടന പ്രകാരമുള്ള ആചാരങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനിടയില്‍ ബ്ലോക്ക് ഓഫിസില്‍ സര്‍ക്കാര്‍ ജീവനക്കാരനായ കരിമ്പനക്കവീട്ടില്‍ അഷ്‌റഫ് മകന്‍ ഷിഹാബിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ജുമുഅ ഖുത്വുബ നടന്നുകൊണ്ടിരിക്കെ ഖുത്വുബ അലങ്കോലപ്പെടുത്താനും ഖത്തീബിനെ കയ്യേറ്റം ചെയ്യാനും പള്ളിക്കകത്ത് സംഘര്‍ഷമുണ്ടാക്കാനും ശ്രമിച്ചത്.

മഹല്ല് നിവാസികളുടെയും പോലിസിന്റെയും സമയോചിതമായ ഇടപെടല്‍ മൂലം വലിയൊരു സംഘര്‍ഷം ഒഴിവാകുകയാണുണ്ടായത്. ഈ സംഭവത്തെ ജമാഅത്തെ ഇസ്‌ലാമി-സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘട്ടനമായി ഊതിപ്പെരുപ്പിച്ച് മഹല്ല് നിവാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി മുതലെടുപ്പ് നടത്താനാണ് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പടച്ചുവിടുന്നതിലൂടെ ചിലര്‍ ശ്രമിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ അപലപനീയമാണെന്നും ഏകപക്ഷീയമായ വാര്‍ത്താകുറിപ്പുകളുടെ ചുവടുപിടിച്ച് നിയമാനുസൃതമായും സമാധാനപരമായും പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് അപകീര്‍ത്തിയുണ്ടാക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പത്രദൃശ്യ മാധ്യമങ്ങള്‍ക്കെതിരെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുമെന്നും പി.എസ് ഹബീബുല്ല മാസ്റ്റര്‍ പറഞ്ഞു.

Tags:    

Similar News