ഫലസ്തീനികള്‍ സ്വാതന്ത്ര്യ സമരസേനാനികളെന്ന് പത്രം; നടപടിക്കൊരുങ്ങി ഇസ്രായേല്‍
പത്രത്തിന്റെ പബ്ലീഷറായ അമോസ് ഷോക്കന്‍ ലണ്ടനില്‍ വെച്ച് ഒരു കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴാണ് ഫലസ്തീനികളെ സ്വാതന്ത്ര്യസമര സേനാനികളെന്ന് വിളിച്ചത്
ലണ്ടന്‍: ഫലസ്തീനികളെ സ്വാതന്ത്ര്യ സമരസേനാനികളെന്ന് പ്രസാധകര്‍ വിളിച്ചതിന് പിന്നാലെ ഹാരെറ്റ്‌സ് പത്രത്തിനെതിരെ നടപടിക്കൊരുങ്ങി ഇസ്രായേല്‍. പത്രത്തിന്റെ പബ്ലീഷറായ അമോസ് ഷോക്കന്‍ ലണ്ടനില്‍ വെച്ച് ഒരു കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴാണ് ഫലസ്തീനികളെ സ്വാതന്ത്ര്യസമര സേനാനികളെന്ന് വിളിച്ചത്. ഫലസ്തീന്‍ ജനതയുടെ മേല്‍ ക്രൂരമായ വര്‍ണവിവേചന ഭരണം അടിച്ചേല്‍പ്പിക്കുന്നത് നെതന്യാഹു സര്‍ക്കാര്‍ കാര്യമാക്കുന്നില്ല. ഇസ്രായേല്‍ തീവ്രവാദികളെന്ന് വിളിക്കുന്ന ഫലസ്തീന്‍ സ്വാതന്ത്ര്യ സമരസേനാനികളോട് പോരാടുമ്പോള്‍ വാസസ്ഥലങ്ങള്‍ സംരക്ഷിക്കാനുള്ള നടപടിയുണ്ടാവുന്നില്ലെന്നായിരുന്നു പത്രത്തിന്റെ പ്രസാധകനായ ആമോസ് ഷോക്കന്റെ പ്രസ്താവന. ഇതാണ് ഇസ്രായേലുകളെ ചൊടിപ്പിച്ചത്. ഫലസ്തീന്‍ രാഷ്ട്രം നിര്‍ബന്ധമായും രൂപീകരിക്കണം. ഇത് യാഥാര്‍ഥ്യമാക്കാനുള്ള ഒരേയൊരു വഴി ഇതിനെ എതിര്‍ക്കുന്ന ഇസ്രായേലിനെതിരെയും നേതാക്കള്‍ക്കെതിരെയും കുടിയേറ്റക്കാര്‍ക്കെതിരെയും ഉപരോധമേര്‍പ്പെടുത്തുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'അധിനിവേശ പ്രദേശങ്ങളിലും ഗാസയുടെ ചില ഭാഗങ്ങളിലും ഇപ്പോള്‍ നടക്കുന്നത് രണ്ടാമത്തെ നക്ബയാണ്. ഒരു ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടണം, ഇത് നേടാനുള്ള ഏക മാര്‍ഗം, ഇസ്രായേലിനെതിരെയും അതിനെ എതിര്‍ക്കുന്ന നേതാക്കള്‍ക്കെതിരെയും കുടിയേറ്റക്കാര്‍ക്കെതിരെയും ഉപരോധം പ്രയോഗിക്കുക എന്നതാണ്'എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ശക്തമായ പരാമര്‍ശങ്ങള്‍.
ഇസ്രായേലിനെ ശരിയായ പാതയിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഷോക്കന്റെ അഭിപ്രായത്തിന്റെ ഫലമായി ഹാരെറ്റ്സില്‍ നിരവധി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ട് ഇസ്രായേലിന്റെ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഷ്‌ലോമോ കര്‍ഹിയുടെ ഓഫീസ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സംസ്ഥാന ജീവനക്കാര്‍ക്കുള്ള വ്യക്തിഗത സബ്സ്‌ക്രിപ്ഷനുകള്‍ ഉള്‍പ്പെടെ ഹാരെറ്റ്സുമായി പുതിയ കരാറുകളില്‍ ഏര്‍പ്പെടരുത്, നിലവിലുള്ള കരാറുകള്‍ പുതുക്കുകയുമില്ല, വ്യക്തിഗത സബ്സ്‌ക്രിപ്ഷനുകള്‍ ഉള്‍പ്പെടെ ഹാരെറ്റ്സുമായുള്ള നിലവിലെ എല്ലാ കരാറുകളും റദ്ദാക്കപ്പെടും എന്നുമാണ് നിര്‍ദ്ദേശങ്ങള്‍.
പേയ്മെന്റ് സ്റ്റാറ്റസ് പരിഗണിക്കാതെ, നിയമപരമായ അറിയിപ്പുകള്‍ ഉള്‍പ്പെടെ എല്ലാ പരസ്യങ്ങളും നിര്‍ത്താനും നിലവിലുള്ള പേയ്മെന്റുകള്‍ക്കായി റീഫണ്ട് തേടാനും നിര്‍ദ്ദേശം നല്‍കണമെന്നും പ്രസിദ്ധീകരണത്തില്‍ കൂടുതല്‍ പരസ്യങ്ങള്‍ നല്‍കരുതെന്നും ഗവണ്‍മെന്റ് അഡ്വര്‍ടൈസിംഗ് ബ്യൂറോയും അറിയിച്ചു.
കര്‍ഹി മുമ്പും പുറപ്പെടുവിച്ച നിര്‍ദ്ദേശത്തിന് സമാനമാണ് ഈ നിര്‍ദ്ദേശം. ഗാസയിലെ ഇസ്രായേലിന്റെ യുദ്ധശ്രമങ്ങളെ തുരങ്കം വയ്ക്കുന്നതാണ് ഈ നിലപാടുകള്‍ എന്ന് അദ്ദേഹം ആരോപിച്ചു. ഹാരെറ്റ്‌സുമായുള്ള മുഴുവന്‍ ഇടപാടുകളും നിര്‍ത്തുമെന്ന് ഇസ്രായേല്‍ ആഭ്യന്തരമന്ത്രി മോഷെ അര്‍ബെലും പറഞ്ഞു. ഇനിയും നിശബ്ദനായിരിക്കാന്‍ ആവില്ല. പൗരന്‍മാരെ സംരക്ഷിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ ഇല്ലാതാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഹാരെറ്റ്സിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള അധികാരം അഭ്യര്‍ത്ഥിച്ച് ജസ്റ്റിസ് മന്ത്രി യാരിവ് ലെവിനും വ്യാഴാഴ്ച അറ്റോര്‍ണി ജനറല്‍ ഗാലി ബഹരവ്-മിയാറിന് കത്തയച്ചു.
'ഇസ്രായേലിനും അതിന്റെ നേതാക്കന്മാര്‍ക്കും സുരക്ഷാ സേനയ്ക്കും പൗരന്മാര്‍ക്കും എതിരായ അന്താരാഷ്ട്ര ഉപരോധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ പത്ത് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന ഒരു കരട് നിയമം അടിയന്തിരമായി പാസാക്കണെമന്ന് ഞാന്‍ ആവശ്യപ്പെടുന്നു' മന്ത്രി യാരിവ് ലെവിന്‍ കുറിച്ചു.ഇസ്രായേല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഷോക്കന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞത് ഉദ്ധരിച്ചുകൊണ്ട് യുദ്ധസമയത്ത് ഇത്തരമൊരു കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് ശിക്ഷ ഇരട്ടിയാക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇസ്രായേലിനെതിരായ ഉപരോധത്തിനുള്ള ആഹ്വാനങ്ങള്‍, ഒരു പൗരന്റെ രാജ്യത്തോടുള്ള വിശ്വസ്തതയുടെ മൗലികമായ കടമയുടെ കടുത്ത ലംഘനമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുള്ള ഒന്നാണെന്നും ലെവിന്‍ വ്യക്തമാക്കി
നെതന്യാഹു ഗവണ്‍മെന്റിനെ നിശിതമായി വിമര്‍ശിക്കുകയും ഫലസ്തീന്‍ അനുകൂല കാഴ്ചപ്പാടുകള്‍ക്ക് ഇടം നല്‍കുകയും ചെയ്യുന്ന ഇടതുപക്ഷ ചായ്വുള്ള പത്രമാണ് ഹാരെറ്റ്സ.് എന്നാല്‍ കമ്പനിക്കെതിരെ ഇസ്രായേല്‍ സ്വീകരിച്ച നിലപാടുകളെ തുടര്‍ന്ന് സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ചത് ഹമാസിനെയല്ലെന്നും തീവ്രവാദം ഉപയോഗിക്കാത്ത മറ്റുള്ളവരെയാണ് പിന്തുണച്ചതെന്നുമുള്ള വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തുകയും ചെയ്തു.