ചെന്നൈ: അടുത്ത പ്രധാനമന്ത്രി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പുറത്താകുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ നടന്ന ഒരു ഇഫ്താര്‍ വിരുന്നിനിടെ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍. 'ഇത്തവണത്തെ ഇഫ്താര്‍ കഴിഞ്ഞ തവണത്തേതില്‍ നിന്നു വ്യത്യസ്തമാണ്. കാരണം, എന്താണോ നമ്മള്‍ പറഞ്ഞത്, അതു നാളെ സാധ്യമാകാന്‍ പോവുകയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിലംപതിക്കാന്‍ പോവുകയാണ്.'ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന തരത്തില്‍ എക്‌സിറ്റ് പോളുകള്‍ പുറത്ത് വന്നിരുന്നെങ്കിലും ഇതിനെയെല്ലാം സ്റ്റാലിന്‍ തള്ളി. ഇവ കൃത്രിമമായി സൃഷ്‌ടിച്ചവയാണെന്നായിരുന്നു സ്റ്റാലിന്റെ വാദം.'എക്‌സിറ്റ് പോള്‍ യഥാര്‍ഥമല്ല. ഒരാളുടെ ഉത്തരവിന്മേല്‍ കൃത്രിമമായി ഉണ്ടാക്കിയതാണ്. നമുക്കനുകൂലമായ കണക്കുകളുണ്ടായാല്‍ രാഹുല്‍ അടുത്ത പ്രധാനമന്ത്രിയാകും- അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസും സിപിഎമ്മുമായി സഖ്യത്തിലാണ് സ്റ്റാലിന്‍ മൽസരിച്ചത്. ഡിഎംകെ 20 സീറ്റിലും കോണ്‍ഗ്രസ് 10 സീറ്റിലും സിപിഎം 2 സീറ്റിലും മൽസരിച്ചു.