നെയ്യാറ്റിന്‍കര സംഭവം: അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

കുട്ടികളുടെ വിദ്യാഭ്യാസം അടക്കമുള്ള ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും.

Update: 2020-12-29 06:13 GMT

തിരുവനന്തപുരം: കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ പോലീസ് ഇടപെടല്‍ കാരണം ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അടിയന്തിരമായി ഇടപെടാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. കുട്ടികള്‍ക്ക് വീട് വെച്ച് നല്‍കുന്നതിന് ഉടന്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തി. കുട്ടികളുടെ വിദ്യാഭ്യാസം അടക്കമുള്ള ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. സംരക്ഷണമടക്കമുള്ളവ ഇനി സര്‍ക്കാര്‍ നോക്കും. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ച വന്നിട്ടുണ്ടോ എന്നതടക്കം സര്‍ക്കാര്‍ പരിശോധിക്കും.


അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം കോളനിക്കു സമീപമുള്ള പുറമ്പോക്ക് ഭൂമിയില്‍ താമസിച്ചിരുന്ന രാജന്‍ , ഭാര്യ അമ്പിളി എന്നിവരാണ് പൊള്ളലേറ്റു ചികിത്സയിലിരിക്കെ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇരുവരും. രാജന്‍ ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്.


കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ പോലീസിനു മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ ലൈറ്റര്‍ തട്ടിപ്പറിച്ചെടുക്കാനുള്ള പോലീസിന്റെ ശ്രമമാണ് ദമ്പതികളുടെ ദേഹത്തേക്ക് തീ പടരാന്‍ കാരണമായത്. കൊല്ലപ്പെട്ട ദമ്പതികളുടെ മൂത്ത മകന്‍ രാഹുല്‍ പഠനശേഷം വര്‍ക്ക് ഷോപ്പില്‍ ജോലിക്കായി പോകുകയാണ്. രഞ്ജിത്ത് പ്ലസ്ടു കഴിഞ്ഞയാളാണ്.




Tags:    

Similar News