തിരുവനന്തപുരം: കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ പോലീസ് ഇടപെടലിനെ തുടര്‍ന്ന് ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം അന്വേഷിക്കാന്‍ ഡിജിപി ആവശ്യപ്പെട്ടു. മരണപ്പെട്ടവരുടെ മക്കളും ബന്ധുക്കളും നാട്ടുകാരും പോലീസിനെതിരെ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍ ആണ് ഡിജിപിയുടെ നടപടി. തിരുവനന്തപുരം റൂറല്‍ എസ് പി ബി അശോകിനാണ് അന്വേഷണ ചുമതല.
മരിച്ച രാജന്റെയും അമ്പിളിയുടെയും അയല്‍വാസി ശാരദയുടെ സ്വാധീനത്തിന് വഴങ്ങിയാണ് പോലീസ് ധൃതിപിടിച്ച് കുടിയൊഴിപ്പിക്കലിന് എത്തിയത്. ജനുവരി നാലാം തിയ്യതിവരെ സാവകാശം നല്‍കികൊണ്ട് കോടതി മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് വിരുദ്ധമായിട്ടാണ് പോലീസ് കുടിയൊഴിപ്പിക്കാനെത്തിയത്. പോലീസിനോട് രാജന്‍ സാവകാശം ചോദിച്ചുവെങ്കിലും നല്‍കിയില്ല. കൂടാതെ പോലീസിനോടൊപ്പം കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കായി റവന്യൂ ഉദ്യോഗസ്ഥരാരും എത്തിയിരുന്നുമില്ല. പോലീസ് നടപടി സാമൂഹിക മാധ്യമങ്ങളില്‍ വലിയതോതില്‍ ജനരോഷത്തിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഡിജിപി നിര്‍ദേശിച്ചത്.