നിവാര്‍ വീശിയടിക്കുക 130 കിലോമീറ്റര്‍ വേഗതയില്‍ ; ''കടുത്ത കൊടുങ്കാറ്റായി'' മാറുമെന്ന് കാലാവസ്ഥാ വിഭാഗം
പോണ്ടിച്ചേരിയില്‍ അവശ്യസേവന മേഖലകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി അറിയിച്ചു.
ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് ''കടുത്ത കൊടുങ്കാറ്റായി'' മാറുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പി. ബുധനാഴ്ച വൈകുന്നേരം തമിഴ്നാട്ടിലെ മാമല്ലപുരത്തിനും (സംസ്ഥാന തലസ്ഥാനമായ ചെന്നൈയില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെയാണ്) പുതുച്ചേരിയിലെ കാരൈക്കലിനും ഇടയില്‍ നിവാര്‍ നിലം തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 120 മുതല്‍ 130 കിലോമീറ്റര്‍ വരെ വേഗതയിലാകും കാറ്റിന്റെ പ്രഹരം. അതോടൊപ്പം കനത്ത മഴയുമുണ്ടാകും. കാറ്റ് മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ വീശുമെന്ന് ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. തീരപ്രദേശങ്ങളില്‍ വ്യാഴാഴ്ച വരെ കനത്ത മഴ ലഭിക്കും.
നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി എന്നിവരോട് സംസാരിച്ചതായി പ്രധാനമന്ത്രി ട്വീറ്റ ചെയ്തു. കേന്ദ്രത്തില്‍ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നതായും അദ്ദേഹം അറിയിച്ചു. പോണ്ടിച്ചേരിയില്‍ അവശ്യസേവന മേഖലകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി അറിയിച്ചു. പാല്‍ ബൂത്തുകള്‍, ഇന്ധന സ്റ്റേഷനുകള്‍, ആശുപത്രികള്‍, ഫാര്‍മസികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ മാത്രമേ തുറക്കാന്‍ അനുവദിക്കൂ. തമിഴ്‌നാട്ടില്‍ 4,000 ത്തിലധികം 'ദുര്‍ബലമായ' സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രാദേശിക ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞു.