സ്പ്രിങ്ഗ്ലര്‍: ഔദ്യോഗിക രേഖകള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഗവര്‍ണര്‍ക്ക് കത്തയച്ചു
കേരളത്തിലെ ജനങ്ങളുടെ രഹസ്യ സ്വഭാവമുളള ആരോഗ്യ വിവരങ്ങളാണ് യാതൊരു സുരക്ഷയും സുരക്ഷിതത്വവും ഉറപ്പു വരുത്താതെ സ്പ്രിങ്ഗ്ലറിന് കൈമാറിയിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ സ്പ്രിങ്ഗ്ലര്‍ എന്ന സ്വകാര്യ വിദേശ കമ്പനിയ്ക്ക് കൈമാറിയത് സംബന്ധിച്ച ഔദ്യോഗിക രേഖകള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഗവര്‍ണര്‍ക്ക് ഇ-മെയില്‍ കത്ത് നല്‍കി. കേരളത്തിലെ ജനങ്ങളുടെ രഹസ്യ സ്വഭാവമുളള ആരോഗ്യ വിവരങ്ങളാണ് യാതൊരു സുരക്ഷയും സുരക്ഷിതത്വവും ഉറപ്പു വരുത്താതെ സ്പ്രിങ്ഗ്ലറിന് കൈമാറിയിരിക്കുന്നത്. ഇതിനാധാരമായി ഐടി സെക്രട്ടറി ഒപ്പിട്ടു എന്ന് പറയപ്പെടുന്ന കരാറുകള്‍ ഒരു വിദേശ സ്വകാര്യ കമ്പനിയുമായി കരാര്‍ വയ്ക്കുമ്പോള്‍ പാലിക്കേണ്ട നിയമത്തിനും ചട്ടത്തിനും നടപടി ക്രമങ്ങളും പാലിച്ചുകൊണ്ടുളളതല്ല.
ഇത് സംബന്ധിച്ച് ശരിയായ വിവരങ്ങള്‍ പുറത്തു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പൗരന്റെ അറിവോ സമ്മതമോ കുടാതെ ആരോഗ്യ വിവരങ്ങള്‍ സ്വകാര്യ കമ്പനിയ്ക്ക് കൈമാറുന്നത് മൗലിക അവകാശങ്ങളുടെ ലംഘനവും വ്യക്തിയുടെ സ്വകാര്യതയിലേയ്ക്കുളള കടന്നുകയറ്റുവുമാണ്. വിദേശ കമ്പനിയുമായുളള ഇടപാടുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലയെന്നത് അതീവ ഗൗരവതരമാണ്. ഈ സാഹചര്യത്തില്‍ ഫയലുകള്‍ വിളിച്ചു വരുത്തി അനന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.