'ക്ഷണം സിപിഎമ്മിന്റെ കാപട്യം;ന്യൂനപക്ഷ രക്ഷകരുടെ കപടവേഷം ധരിക്കുന്ന സിപിഎമ്മുമായി സഹകരിക്കാന്‍ ഉദ്ദേശമില്ല':ഇ ടി മുഹമ്മദ് ബഷീര്‍
ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിലപാടെടുക്കുന്ന പാര്‍ട്ടികളുടെ ഒപ്പം തന്നെയാണ് ഇടതുമുന്നണിയുമുള്ളത്,അവര്‍ പരോക്ഷമായി ബിജെപിയെ സഹായിക്കുന്നു
മലപ്പുറം:ഇടതുമുന്നണിയിലേക്കുള്ള സിപിഎമ്മിന്റെ ക്ഷണം കാപട്യമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍. ന്യൂനപക്ഷ രക്ഷകരുടെ കപടവേഷം ധരിക്കുന്ന സിപിഎമ്മുമായി സഹകരിക്കാന്‍ ലീഗിന് ഉദ്ദേശമില്ലെന്നും ഇ ടി വ്യക്തമാക്കി.
കോണ്‍ഗ്രസിന് ക്ഷീണമുണ്ടായെന്നത് സത്യമാണ്. എന്നാല്‍ ഫാസിസത്തിന് ബദല്‍ കോണ്‍ഗ്രസ് മാത്രമേയുള്ളൂവെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമല്ല കേരളത്തിന്റെ സമീപനവും. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഒട്ടേറെ കാര്യങ്ങളാണ് കേരളത്തിലെ സര്‍ക്കാര്‍ ചെയ്യുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിലപാടെടുക്കുന്ന പാര്‍ട്ടികളുടെ ഒപ്പം തന്നെയാണ് ഇടതുമുന്നണിയുമുള്ളത്. അവര്‍ പരോക്ഷമായി ബിജെപിയെ സഹായിക്കുന്നു. ന്യൂനപക്ഷ വകുപ്പ് തന്നെ സര്‍ക്കാര്‍ ഇല്ലാതാക്കി.ഫാസിസത്തിന് എതിരായി സംസ്ഥാന സര്‍ക്കാര്‍ നിലകൊള്ളുന്നുവെന്നത് കാപട്യം മാത്രമാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ തിരിച്ചടിച്ചു.
മുസ്‌ലിം ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വിവാദ പ്രസ്താവന നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.സംഭവം വിവമാദമായതോടെ ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന വിശദീകരണവുമായി ഇപി ജയരാജന്‍ രംഗത്തെത്തിയിരുന്നു.