തണ്ണീർക്കൊമ്പനിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വനം വകുപ്പ്; റേഡിയോ കോളറുള്ള മറ്റൊരു ആനയും കേരള അതിർത്തിയിൽ

Update: 2024-02-07 08:59 GMT

മാനന്തവാടി: തണ്ണീര്‍ക്കൊമ്പന്റെ കാര്യത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും എന്നാല്‍ കര്‍ണാടകയില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാന്‍ വൈകിയത് കാരണം ആനയുടെ സ്വഭാവവും മറ്റുകാര്യങ്ങളും മനസ്സിലാക്കാന്‍ വൈകിയെന്നും ഉത്തര മേഖലാ സിസിഎഫ് കെഎസ് ദീപ. റേഡിയോ കോളര്‍ സ്ഥാപിച്ച മറ്റൊരു ആനയെയും കൂടി കേരളത്തിനകത്ത് അതിര്‍ത്തി വനത്തില്‍ കണ്ടെത്തിയതായും സിസിഎഫ് പറഞ്ഞു. തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്തുന്ന അഞ്ചംഗ വിധഗ്ധ സമിതി മാനന്തവാടിയിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയാണ്.

    കര്‍ണാടക വനം വകുപ്പില്‍ നിന്ന് റേഡിയോ കോളര്‍ വിവരം ലഭിച്ചത് ആന മാനന്തവാടി നഗരത്തില്‍ എത്തി മണിക്കൂറുകള്‍ പിന്നിട്ടതിന് ശേഷം മാത്രമാണ്. 8.50 ഓടെയാണ് റേഡിയോ കോളര്‍ യൂസര്‍ ഐഡിയും പാസ്‌വേഡും ലഭിക്കുന്നത്. ആനയെ നഗരത്തില്‍ നിന്ന് തുരത്താന്‍ 50 അംഗ വനപാലക സംഘം മണിക്കൂറുകളോളം ശ്രമിച്ചിരുന്നു. കഴിയാത്ത സാഹചര്യം വന്നു ചേര്‍ന്നതോടെയാണ് മയക്കുവെടി വയ്‌ക്കേണ്ടി വന്നത്. അപ്രതീക്ഷിതമായിരുന്നു മോഴയാനയായ തണ്ണീര്‍ കൊമ്പന്റെ നഗരത്തിലേക്കുള്ള വരവ്. മയക്കുവെടി വച്ചതും പ്രദേശത്ത് നിന്ന് മാറ്റിയതും ഉചിതമായ സമയത്ത് തന്നെയായിരുന്നു. ആന നിലയുറപ്പിച്ച സ്ഥലത്ത് വെള്ളവും തീറ്റയും ആവശ്യത്തിന് ഉണ്ടായിരുന്നു.

    ദൗത്യത്തിന് മുമ്പായി ആദ്യം മയക്കുവെടി വച്ച മൈസൂരിലെ ഡോക്ടറുമായി ആശയവിനിമയം നടത്തിയിരുന്നു. മയക്കുവെടിയുടെ ഡോസ് കൂടിയതായിരുന്നെങ്കില്‍ ഇത്ര നേരം അതിജീവിക്കാന്‍ ആനയ്ക്ക് കഴിയില്ലായിരുന്നു. റേഡിയോ കോളറുമായി പുതിയതായി കണ്ടെത്തിയ ആനയെ കൃത്യമായി നിരീക്ഷിച്ച് വരുന്നതായും ഉത്തരമേഖല സിഡിഎഫ് കെ എസ് ദീപ അറിയിച്ചു.

Tags:    

Similar News