'പൗരത്വഅപേക്ഷയില്‍ പുരോഗതിയില്ല: 2021ല്‍ ഇന്ത്യ വിട്ടത് 800 പാകിസ്താന്‍ ഹിന്ദുക്കള്‍
ന്യൂഡല്‍ഹി: പാകിസ്താനില്‍നിന്ന് ഇന്ത്യയിലെത്തി പൗരത്വത്തിന് അപേക്ഷിച്ച 800 പാകിസ്താന്‍ ഹിന്ദുക്കള്‍ നാട്ടിലേക്ക് തിരിച്ചുപോയി. പാകിസ്താനില്‍നിന്നുള്ള ന്യൂനപക്ഷ കുടിയേറ്റക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ സീമാന്ത് ലോക് സംഘട്ടന്‍ ആണ് കണക്കുകള്‍ പുറത്തുവിട്ടത്. പൗരത്വനിയമം അയല്‍സംസ്ഥാനങ്ങളില്‍നിന്ന് മതപീഡനം നടത്തി കുടിയേറിവരുന്ന മുസ് ലിം ഒഴിച്ചുള്ള ന്യൂനപക്ഷവിഭാഗക്കാരായ കുടിയേറ്റക്കാര്‍ക്കുവേണ്ടിയാണെന്ന സര്‍ക്കാര്‍വാദത്തെ പൊളിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍.
തങ്ങള്‍ നല്‍കിയ പൗരത്വ അപേക്ഷയില്‍ ഒരു പുരോഗതിയും കാണാത്തതിനെത്തുടര്‍ന്നാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്. 2021ലെ കണക്കാണ് ഇപ്പോള്‍ ലഭിച്ചത്.
നാട്ടിലേക്ക് പോയ ഇവരെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുമെന്ന് സംഘടനയുടെ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
'അവര്‍ തിരിച്ചെത്തിയാല്‍, ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ പാകിസ്ഥാന്‍ ഏജന്‍സികള്‍ അവരെ ഉപയോഗപ്പെടുത്തും. അവരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരും. ഇന്ത്യ അവരോട് മോശമായി പെരുമാറിയെന്ന് വിളിച്ചുപറയും''- അദ്ദേഹം തന്റെ ആശങ്ക പ്രകടിപ്പിച്ചു.
2018ലാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് ഇവരുടെ പൗരത്വ അപേക്ഷകള്‍ ലഭിച്ചത്. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാര്‍സി, ജൈന, ബുദ്ധ വിഭാഗത്തിലുള്ള അഭയാര്‍ത്ഥികളുടെ അപേക്ഷകള്‍ സ്വീകരിക്കാന്‍ 16 ജില്ലകളിലെ ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചു. 2021 മെയില്‍ ഇവര്‍ക്ക് പൗരത്വം നല്‍കാനുള്ള നടപടികള്‍ തുടങ്ങാന്‍ 13 ജില്ലാ കലക്ടര്‍മാരോടും നിര്‍ദേശിച്ചു. ഗുജറാത്ത്, ഛത്തിസ്ഗഢ്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് അപേക്ഷകള്‍ ലഭിച്ചത്. 1955 പൗരത്വനിയമത്തിന്റെ വകുപ്പ് 5, 6 എന്നിവ അനുസരിച്ച് നടപടിയെടുക്കാനായിരുന്നു നിര്‍ദേശം.
എല്ലാ നടപടിക്രമങ്ങളും ഓണ്‍ലൈനായിട്ടായിരുന്നു. പക്ഷേ, കാലാവധി കഴിഞ്ഞ പാകിസ്താന്‍ പാസ്‌പോര്‍ട്ടുകള്‍ വിദേശകാര്യമന്ത്രാലയത്തിലെ പോര്‍ട്ടല്‍ സ്വീകരിച്ചില്ല. അതോടെ അഭയാര്‍ത്ഥികള്‍ ഡല്‍ഹി പാകിസ്താന്‍ എംബസിയിലെത്തി പാസ്‌പോര്‍ട്ട് പുതുക്കേണ്ടിവന്നു. അതിന് അവര്‍ വലിയ തുക ഈടാക്കി. പത്ത് പേരുള്ള ഒരു കുടുംബം ലക്ഷങ്ങളാണ് ഈ ഇനത്തില്‍ നല്‍കേണ്ടിവന്നത്. സാമ്പത്തികപ്രതിസന്ധി രൂക്ഷമായതുകൊണ്ടുകൂടിയാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ഇത്രയും വലിയ തുക ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.
അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമല്ല, നേരിട്ടും സമര്‍പ്പിക്കണമായിരുന്നു. ഇതും ബുദ്ധിമുട്ട് വര്‍ധിപ്പിച്ചു.
2021 ഡിസംബര്‍ 22ന് രാജ്യസഭയില്‍ നല്‍കിയ കണക്കുപ്രകാരം 10,365 അപേക്ഷകള്‍ പെന്‍ഡിങ്ങാണ്. അതില്‍ 7,306ഉം പാകിസ്താനില്‍നിന്നും.
രാജസ്ഥാനില്‍ മാത്രം 25,000 പാകിസ്താന്‍ ഹിന്ദുക്കളുണ്ട്. അവരും പൗരത്വം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
2011ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്ത് തീര്‍ത്ഥാടനത്തിനെത്തി നൂറുകണക്കിനുപേരാണ് തിരിച്ചുപോകാതെ ഇവിടെ തങ്ങിയത്. ഇവര്‍ക്ക് പാസ്‌പോര്‍ട്ട് നിയമങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിച്ചുനല്‍കിയിരുന്നു. ഇവര്‍ക്ക് ലോങ് ടേം വിസ, അല്ലെങ്കില്‍ ട്രാവലേഴ്‌സ് വിസ നല്‍കാന്‍ തുടങ്ങി. 2011-14 കാലത്ത് 14,726 പാകിസ്താന്‍ ഹിന്ദുക്കള്‍ക്ക് ലോങ് ടേം വിസ നല്‍കി. അതിനുശേഷം നവംബര്‍ 2021വരെ പാകിസ്താന്‍ ഹിന്ദുക്കള്‍ക്ക് 600 വിസ നല്‍കി.
2018, 2019, 2020, 2021 കാലത്ത് പൗരത്വത്തിനുവേണ്ടി 8,244 അപേക്ഷകളാണ് ലഭിച്ചത്.