അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന ഒന്നും ഒരു മതവും പ്രോല്‍സാഹിപ്പിക്കുന്നില്ല: സുപ്രിം കോടതി
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന ഒരു പ്രവര്‍ത്തനത്തെയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സുപ്രീം കോടതി.നവംബര്‍ 25നകം രാജ്യതലസ്ഥാനത്ത് പടക്ക നിരോധനം ഏര്‍പ്പെടുത്തണമെന്ന് ഡല്‍ഹി സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.
''മലിനീകരണമില്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് മൗലികാവകാശമാണ്. പ്രഥമദൃഷ്ട്യാ, ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നതോ ജനങ്ങളുടെ ആരോഗ്യവുമായി വിട്ടുവീഴ്ച ചെയ്യുന്നതോ ആയ ഒരു പ്രവര്‍ത്തനത്തെയും പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം,'' ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
പടക്ക നിരോധനം നടപ്പാക്കാന്‍ പ്രത്യേക സെല്‍ രൂപീകരിക്കാനും ഒക്ടോബര്‍ 14 ന് ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയ ഉത്തരവ് നടപ്പാക്കാന്‍ എസ്എച്ച്ഒമാര്‍ക്ക് ഉത്തരവാദിത്തം നല്‍കാനും കോടതി ഡല്‍ഹി പോലീസിനോട് നിര്‍ദ്ദേശിച്ചു.നിരോധനം സംബന്ധിച്ച് എല്ലാ പടക്ക നിര്‍മ്മാതാക്കള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ടോയെന്നത് സംബന്ധിച്ച് നവംബര്‍ 25നകം ഡല്‍ഹി പോലീസ് കമ്മീഷണര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഓണ്‍ലൈന്‍ പടക്ക വില്‍പ്പന തടയാന്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കാനും പോലിസിനോട് ആവശ്യപ്പെട്ടു.