'മന്ത്രിസഭയില്‍ നിന്ന് രാജി ആവശ്യപ്പെടില്ല'; ഇ ഡി ആരോപണം നേരിടുന്ന മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ പിന്തുണച്ച് എന്‍സിപി
മുംബൈ: കള്ളപ്പണക്കേസില്‍ ഇ ഡിയുടെ കസ്റ്റഡിയിലുള്ള നവാബ് മാലിക്കിനെ മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന് എന്‍സിപി മഹാരാഷ്ട്ര ഘടകം. മഹാരാഷ്ട്ര നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് എന്‍സിപി നിലപാട് കടുപ്പിച്ചത്.
കള്ളപ്പണക്കേസില്‍ ഇ ഡിയുടെ കസ്റ്റഡിയിലുള്ള മാലിക്കിനെ മഹാ വികാസ് അഗാഡി മന്ത്രിസഭയില്‍തുടരാനനുവദിക്കുമെന്ന് കഴിഞ്ഞ മാസം തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് എന്‍സിപി പ്രസിഡന്റ് ജയന്ത് പാട്ടീല്‍ പറഞ്ഞു. ബിജെപി എന്ത് ബഹളമുണ്ടാക്കിയാലും നിലപാടില്‍ മാറ്റമുണ്ടാവില്ല. പ്രതിപക്ഷപാര്‍ട്ടി നേതാക്കളെ വ്യാജ പരാതിയിലും കേസിലും കുടുക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിരം പരിപാടിയാണെന്നും അത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അധോലോകക്കാരനായ ദാവൂദ് ഇബ്രാഹീമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളിപ്പിക്കല്‍ കേസിലാണ് 62 കാരനായ മന്ത്രിയെ ഫെബ്രുവരി 23ന് ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ ചോദ്യംചെയ്ത് അദ്ദേഹം ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് റദ്ദാക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് മൂന്നുവരെ ഇഡിയുടെ കസ്റ്റഡിയിലാണ് മാലിക്.