കെ-ഫോണ്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; സര്‍ക്കാരും കൈയൊഴിയുന്നോ...?

53 കോടി രൂപ ആവശ്യപ്പെട്ട കെ ഫോണിന് സര്‍ക്കാര്‍ അടുത്തിടെ അനുവദിച്ചത് പകുതി തുക മാത്രമാണ്.

Update: 2024-01-16 06:23 GMT

തിരുവനന്തപുരം: അഭിമാന പദ്ധതിയെന്ന് സര്‍ക്കാര്‍ അടിക്കടി ആവര്‍ത്തിക്കുമ്പോഴും കെ-ഫോണ്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാന്‍ കെ-ഫോണിന് കഴിയാത്തതിന് പിന്നില്‍ പണമില്ലാത്തതാണ് പ്രധാന ഘടകം. 53 കോടി രൂപ ആവശ്യപ്പെട്ട കെ-ഫോണിന് സര്‍ക്കാര്‍ അടുത്തിടെ അനുവദിച്ചത് പകുതി തുക മാത്രമാണ്. നികുതി ചെലവുകള്‍ മാറ്റി നിര്‍ത്തിയാല്‍ 1548 കോടിയുടെ ബൃഹത് പദ്ധതിയാണ് കെ-ഫോണ്‍. ഉദ്ദേശ ലക്ഷ്യങ്ങളില്‍ നിന്ന് പലതവണ മാറിയ പദ്ധതി ഒടുവില്‍ ഉദ്ഘാടനം കഴിഞ്ഞിട്ടിപ്പോള്‍ ഏഴ് മാസമായി. പ്രഖ്യാപനങ്ങളൊന്നും സമയത്ത് നടന്നില്ലെന്ന വിമര്‍ശനം ഒരുവശത്തുണ്ട്. പ്രവര്‍ത്തന മൂലധനം കണ്ടെത്താനാവാത്ത പ്രതിസന്ധി മറുവശത്തും. ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യ കണക്ഷന്‍ നല്‍കുന്നത് അടക്കം സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കേണ്ട കെ-ഫോണിന് കഴിഞ്ഞ ബജറ്റില്‍ 100 കോടി വകയിരുത്തിയിരുന്നു. അത് സമയത്ത് നല്‍കിയില്ലെന്ന് മാത്രമല്ല ബജറ്റ് വിഹിതത്തില്‍ നിന്ന് 53 കോടി ആവശ്യപ്പെട്ട കെ ഫോണിന് സര്‍ക്കാര്‍ അനുവദിച്ചത് 25 കോടി രൂപ മാത്രമാണ്. അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ വകയില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 85 കോടിയും ധനവകുപ്പ് ഏറെനാള്‍ പിടിച്ചുവച്ച ശേഷമാണ് കെ-ഫോണിന് കിട്ടിയത്. കിഫ്ബിയില്‍ നിന്ന് എടുത്ത തുകയ്ക്ക് പ്രതിവര്‍ഷം 100 കോടി രൂപ വീതം കെ ഫോണ്‍ തിരിച്ചടയ്ക്കണം. കെ ഫോണിന്റെ ഓഫിസ് സംവിധാനത്തിന് പ്രവര്‍ത്തിക്കാനും കെഎസ് ഇബിക്ക് വാടകയിനത്തില്‍ കൊടുക്കേണ്ടതുമായ 30 കോടി വേറെയും വേണം. ബെല്‍ കണ്‍സോര്‍ഷ്യത്തിന് നല്‍കേണ്ട പരിപാലന ചെലവ് സര്‍ക്കാര്‍ നല്‍കില്ലെന്നും അത് കെ ഫോണ്‍ സ്വയം സമാഹരിക്കണമെന്നുമാണ് വ്യവസ്ഥ. ചുരുക്കത്തില്‍ 350 കോടിയുടെ ബിസിനസെങ്കിലും പ്രതിവര്‍ഷം നടത്താനായില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സൗജന്യ കണക്ഷന്‍ പ്രഖ്യാപിച്ചതിന്റെ മൂന്നിലൊന്ന് പോലും പൂര്‍ത്തിയാക്കിയിട്ടില്ല. വരുമാന വര്‍ധനവ് ലക്ഷ്യമിട്ട ഗാര്‍ഹിക വാണിജ്യ കണക്ഷനുകളുടെ അവസ്ഥയും പരിതാപകരമാണ്. ഇതിനിടെയാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കെ ഫോണിനെ സര്‍ക്കാരും കൈയൊഴിയുന്നത്.

Tags:    

Similar News