നോര്‍ക്ക ഡയറക്ടേഴ് സ്‌കോളര്‍ഷിപ്പ്: 350 പേര്‍ക്ക് 70 ലക്ഷം രൂപ വിതരണം ചെയ്തു

Update: 2022-08-03 12:39 GMT

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരമുള്ള 2021-22 ലെ തുകവിതരണം പൂര്‍ത്തിയായി. തിരഞ്ഞെടുത്ത 350 വിദ്യാര്‍ത്ഥികള്‍ക്കായി 70 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പാണ് കഴിഞ്ഞ അധ്യയനവര്‍ഷം വിതരണം ചെയ്തത്. പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാര്‍ത്ഥിക്കും 20000 രൂപയാണ് ലഭിക്കുക.

പ്രഫഷണല്‍ ഡിഗ്രി കോഴ്‌സുകള്‍ക്കും, ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്കും അഡ്മിഷന്‍ എടുത്തവരില്‍ പദ്ധതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം യോഗ്യരായ 516 അപേക്ഷകരില്‍ നിന്നുമാണ് അര്‍ഹരായവരെ കണ്ടെത്തിയത്. പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സിനു പഠിക്കുന്ന 187 പേര്‍ക്കും ബിരുദാനന്തര ബിരുദ കോഴ്‌സിനു പഠിക്കുന്ന 163 പേരും നോര്‍ക്ക ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി.

പ്രവാസിമലയാളികളായ നോര്‍ക്കാ റൂട്ട്‌സ് ഡയറക്ടര്‍മാരും നോര്‍ക്ക വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ് പദ്ധതി. 2019-20 കാലഘട്ടത്തിലാണ് പദ്ധതി ആരംഭിച്ചത്.

ഈ പദ്ധതി പ്രകാരം ECR (എമിഗ്രേഷന്‍ ചെക്ക് റിക്വയേഡ്) കാറ്റഗറിയില്‍പ്പെട്ട വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ കുട്ടികള്‍ക്കും തിരികെയെത്തിയ പ്രവാസികളുടെ (വരുമാനം 2 ലക്ഷം രൂപ വരെ) കുട്ടികള്‍ക്കുമാണ് പദ്ധതിയുടെ അനൂകൂല്യം ലഭിച്ചത്. ഈ പദ്ധതിക്കായി ഗവണ്‍മെന്റ് വിഹിതമായ 15 ലക്ഷം രൂപയും നോര്‍ക്കറൂട്ട്‌സ് ഡയറക്ടേഴ്‌സ് വിഹിതമായ 55 ലക്ഷം രൂപയും ചേര്‍ന്ന് ആകെ 70 ലക്ഷം രൂപയാണ് സ്‌കോളര്‍പ്പിനായി വിനിയോഗിച്ചത്.

നോര്‍ക്കാ വൈസ് ചെയര്‍മാനും ഡയറക്ടറുമായ എം.എ യൂസഫലി, ഡയറക്ടര്‍മാരായ ഡോ. ആസാദ് മൂപ്പന്‍, ഡോ, രവി പിളള, ശ്രീ ജയകൃഷ്ണ മേനോന്‍,സി.വി റപ്പായി, ഒ. വി മുസ്തഫ എന്നിവര്‍ പദ്ധതിക്കായി തുക സംഭാവന ചെയ്തിരുന്നു.

2022-2023 അധ്യയന വര്‍ഷത്തെയ്ക്കുള്ള സ്‌കോളര്‍ഷിപ്പിന് ഇക്കൊല്ലത്തെ അഡ്മിഷന്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അപേക്ഷിക്കാം.

അപേക്ഷകള്‍ www.norkaroots.org എന്ന വെബ്ബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ വഴിയാണ് നല്‍കേണ്ടത്. പുതിയ അധ്യയന വര്‍ഷത്തെ അപേക്ഷ സംബന്ധിച്ച കാര്യങ്ങള്‍ അഡ്മിഷന്‍ പൂര്‍ത്തിയാകുന്ന സമയത്ത് വെബ്ബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്. ഓരോ കോഴ്‌സിന്റെയും ആദ്യവര്‍ഷത്തില്‍ മാത്രമാണ് അപേക്ഷിക്കാന്‍ കഴിയുക. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ടോള്‍ ഫ്രീ നമ്പര്‍ 18004253939 ( ഇന്ത്യയ്ക്കകത്തുനിന്നും ) (918802012345 (വിദേശത്തുനിന്നും) എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Tags:    

Similar News