ബംഗാളില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും നേര്‍ക്കുനേരെ; നിയമസഭയിലേക്ക് ഗവര്‍ണറെ പ്രവേശിപ്പിക്കേണ്ട ഗേറ്റ് അടച്ചിട്ടു

നിയമസഭ നിര്‍ത്തിവച്ചതുകൊണ്ട് ഗവര്‍ണറുടെ ഗേറ്റ് അടച്ചിടുന്നതിനെ ഗവര്‍ണര്‍ ചോദ്യം ചെയ്തു. തന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഗേറ്റ് അടച്ചിടാനാവില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.

Update: 2019-12-06 02:29 GMT

കൊല്‍ക്കത്ത: ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് മുറുകി. നിയമസഭയിലേക്കുള്ള തന്റെ യാത്ര സംസ്ഥാന സര്‍ക്കാര്‍ തടസ്സപ്പെടുത്തിയെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പരാതിപ്പെട്ടു. താന്‍ കടന്നുപോകേണ്ട മൂന്നാം നമ്പര്‍ ഗേറ്റ് അടച്ചുപൂട്ടിയെന്നും തന്റെ യാത്ര തടസ്സപ്പെടുത്തിയെന്നുമാണ് ഗവര്‍ണര്‍ പറയുന്നത്. പിന്നീട് മാധ്യമങ്ങളെയും ജീവനക്കാരെയും പ്രവേശിപ്പിക്കുന്ന ഗേറ്റ് വഴിയാണ് ഗവര്‍ണര്‍ പ്രവേശിച്ചത്. നിയമസഭയിലെ ലൈബ്രറി സന്ദര്‍ശിക്കാനായിരുന്നു ഗവര്‍ണര്‍ എത്തിയത്. നിയമസഭ രണ്ട് ദിവസത്തേക്ക് നിര്‍ത്തിവച്ചതുകൊണ്ടാണ് ഗേറ്റ് പൂട്ടിയിട്ടതെന്നാണ് സ്പീക്കറുടെ വിശദീകരണം.

നിയമസഭ നിര്‍ത്തിവച്ചതുകൊണ്ട് ഗവര്‍ണറുടെ ഗേറ്റ് അടച്ചിടുന്നതിനെ ഗവര്‍ണര്‍ ചോദ്യം ചെയ്തു. തന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ തനിക്ക് പ്രവേശിക്കാനുള്ള ഗേറ്റ് അടച്ചിടാനാവില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. സന്ദര്‍ശനത്തെ കുറിച്ച് സ്പീക്കറെ അറിയിച്ചിരുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു. ഒപ്പുവയ്്‌ക്കേണ്ട ചില ബില്ലുകള്‍ ഗവര്‍ണര്‍ പിടിച്ചുവയ്ക്കുന്നുവെന്നാരോപിച്ചാണ് സ്പീക്കര്‍ നിയമസഭ രണ്ട് ദിവസത്തേക്ക് നിര്‍ത്തിവച്ചത്. താന്‍ റബ്ബര്‍സ്റ്റാമ്പല്ലെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.





Tags:    

Similar News