കെവി തോമസുമാരുടെ പേര് പോലും ചര്‍ച്ചയ്‌ക്കെടുക്കരുത്; രാജ്യസഭയെ വയോജനസംരക്ഷണ കേന്ദ്രമാക്കരുതെന്നും യൂത്ത് കോണ്‍ഗ്രസ്

രാജ്യസഭാ സീറ്റിലേക്ക് യുവ നേതാക്കളെ പരിഗണിക്കണം

Update: 2022-03-16 11:36 GMT

കൊല്ലം: കോണ്‍ഗ്രസിന്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നതില്‍ പാര്‍ട്ടി ജാഗ്രത പാലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച പ്രസ്താവനയില്‍ രാജ്യസഭയെ വയോജന സംരക്ഷണ കേന്ദ്രമാക്കി മാറ്റരുതെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മുതിര്‍ന്ന നേതാവ് കെ വി തോമസ് അടക്കമുള്ളവരെ വിമര്‍ശിച്ചുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കിയത്.

രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് കെ വി തോമസുമാരുടെ പേര് പോലും ചര്‍ച്ചയ്ക്ക് എടുക്കരുത്. അത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കും. രാജ്യസഭയെ വയോജന സംരക്ഷണ കേന്ദ്രമാക്കി മാറ്റാന്‍ അനുവദിക്കരുത്. ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് യുവ നേതാക്കളെ പരിഗണിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിനെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട രാജ്യസഭയില്‍ ഇരുന്ന് ഉറങ്ങുന്നവര്‍ എന്തിനാണ് ഇനി അങ്ങോട്ട് പോകാന്‍ ആഗ്രഹിക്കുന്നത്.

രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി മുതിര്‍ന്ന നേതാവ് കെവി തോമസ് കൂടിക്കാഴ്ച്ച നടത്തുമെന്ന റിപോര്‍ട്ട് പുറത്തുവരുന്നതിന് പിന്നാലെയാണ് വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കിയത്.

എകെ ആന്റണി രാജ്യസഭയിലേക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ നേരത്തെ തന്നെ കെവി തോമസ് തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ രാജ്യസഭാ സീറ്റ് ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിനകത്ത് ഇതുവരെ ധാരണയായിട്ടില്ല. മുതിര്‍ന്ന നേതാക്കളായ മുല്ലപ്പളളി രാമചന്ദ്രനും ചെറിയാന്‍ ഫിലിപ്പും രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കപ്പെട്ടേക്കാം എന്ന അഭ്യൂഹങ്ങളുമുണ്ട്. 

Tags:    

Similar News