സ്ഥാനക്കയറ്റമോ ഇറക്കമോ അല്ല; മന്ത്രിപദവി ലഭിച്ചതിന് മോദിയോടും യോഗിയോടും നന്ദി പറഞ്ഞ് ജിതിന്‍ പ്രസാദ

Update: 2021-09-27 11:38 GMT

ലഖ്‌നോ: യുപിയില്‍ കാബിനറ്റ് റാങ്കില്‍ ഒരു മന്ത്രിയായിരിക്കുന്നത് മോശം കാര്യമല്ലെന്ന് വിശദീകരിച്ച് ജിതിന്‍ പ്രസാദ. തന്നെ സംബന്ധിച്ചിടത്തോളം യുപിയിലെ മന്ത്രിപദവി സ്ഥാനക്കയറ്റമോ ഇറക്കമോ അല്ലെന്നും ജിതിന്‍ പറഞ്ഞു.

''പ്രധാനം ജനങ്ങളെ സേവിക്കാന്‍ അവസരമുണ്ടാവലാണ്. എനിക്ക് അതിനുള്ള അവസം ലഭിച്ചു. ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും നന്ദി പറയുന്നു''- പ്രസാദ പറഞ്ഞു.

ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായ ഏഴ് പേരും ഇന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടിരുന്നു. ജിതിന്‍ പ്രസാദ ഒഴിച്ച് ബാക്കിയുള്ളവര്‍ക്ക് കാബിനറ്റ് പദവി നല്‍കിയിട്ടില്ല.

പുതിയ മന്ത്രിമാര്‍ക്ക് ഇനി ഏകദേശം നാല് മാസം മാത്രമാണ് ശേഷിക്കുന്നത്. അതിനുള്ളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരികയും ചെയ്യും. അതോടെ പുതിയ ഉത്തരവുകള്‍ പുറപ്പെടുവിക്കാനുള്ള സാധ്യത മങ്ങും.

ജനങ്ങളോടൊപ്പം നല്‍ക്കുകയാണ് പ്രധാനമെന്നും സംസ്ഥാനത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നും കുറഞ്ഞ സമയം മാത്രം അവശേഷിക്കുന്നതിനെക്കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് ജിതിന്‍ പ്രതികരിച്ചു. സമയം പ്രധാനമല്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ നേതാവായാണ് ജിതിന്‍ പ്രസാദയെ കണക്കാക്കിയിരുന്നത്. യുപിയിലെ ബ്രാഹ്മണ നേതാവായ ജിതിന്‍ രണ്ട് തവണ മന്‍മോഹന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. ആഭ്യന്തര സഹമന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു.

വിവിധ സമുദായക്കാരെ കൂടെ നിര്‍ത്തുന്നതിന്റെ ഭാഗമായിരുന്നു ഏഴ് പേരെ മന്ത്രിമാരാക്കിയത്. ഒബിസി, ദലിത്, എസ് ടി വിഭാഗത്തില്‍ നിന്നുള്ളവരാണ് പുതിയ മന്ത്രിമാര്‍. 

Tags:    

Similar News