എ. റശീദുദ്ദീന്‍
കാബൂളിനെ ചുറ്റിപ്പറ്റി സമാധാനമാണോ പുതിയ യുദ്ധങ്ങളാണോ രൂപം കൊള്ളാനൊരുങ്ങുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. അമേരിക്കയും താലിബാനും ഒപ്പുവച്ച കരാറില്‍ ആകര്‍ഷകമായ നിരവധി പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമുണ്ടെങ്കിലും എന്തുകൊണ്ടോ അവ വിശ്വാസ്യയോഗ്യമല്ലാതാവുന്നുണ്ട്. അമേരിക്ക ഒരു വിട്ടുവീഴ്ചയുടെ ഭാഗമായി താലിബാന് അധികാരം കൈമാറുന്നതിനെത്തുടര്‍ന്നല്ല മറിച്ച് പിടിച്ചുനില്‍ക്കാനാവാതെ പിന്‍മാറുന്നതിന്റെ ഭാഗമായാണ് ദോഹ കരാര്‍ രൂപംകൊണ്ടത്. ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന് അംഗീകാരം നല്‍കാന്‍ അമേരിക്ക ശ്രമിക്കുമെന്ന ഒരു വാഗ്ദാനം മാത്രമാണ് സമാധാനത്തെ കുറിച്ചു പ്രതീക്ഷ നല്‍കുന്ന ഘടകം. അതിനു വേണ്ടി അവര്‍ നടത്തുന്നതാവട്ടെ കടുത്ത വിലപേശലുകളുമാണ്. അമേരിക്ക സ്വന്തം സൈനികരെ സുരക്ഷിതമായി പിന്‍വലിക്കുന്നതിനു മുന്നോട്ടുവയ്ക്കുന്ന ഉപാധികളാണ് കരാറില്‍ കൂടുതലുമുള്ളത്. അഫ്ഗാനിസ്താനില്‍ ഇത്രയും കാലം അമേരിക്ക ചെലവഴിച്ച പണത്തിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ അന്നാട്ടിലെ ഓരോ പൗരനും 35 ലക്ഷം രൂപയെങ്കിലും വീതിച്ചു കൊടുക്കാന്‍ മതിയായ തുകയായിരുന്നു അത്. അത്രയും ഭീമമായ ചെലവില്‍ അവര്‍ ഉറപ്പുവരുത്താന്‍ ശ്രമിച്ചത് ആ രാജ്യത്തിന്റെ വികസനമോ സുരക്ഷിതത്വമോ ഒന്നുമല്ലല്ലോ. വൈറ്റ്ഹൗസിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലുള്ള ഒരു പാവ സര്‍ക്കാര്‍. അതല്ലെങ്കില്‍ ശുദ്ധ അരാജകത്വം. ഇതില്‍ രണ്ടാമത്തേതു മാത്രമായിരുന്നു ഇത്രയും കാലം അവിടെ ഉറപ്പുവരുത്തിക്കൊണ്ടിരുന്നത്. ഈ ഇരട്ടത്താപ്പ് നയങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് കാബൂളില്‍ സമാധാനപരമായ അധികാര കൈമാറ്റം നടക്കുമ്പോഴും ജോ ബൈഡന്‍ അമേരിക്കയിലിരുന്ന് അഫ്ഗാനികളോട് യുദ്ധം തുടരാന്‍ ആവശ്യപ്പെട്ടത്. താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയത് രക്തരഹിതമായ ഒരു നീക്കത്തിലൂടെയായിരുന്നെങ്കില്‍ തൊട്ടു പിറ്റേ ദിവസം മുതല്‍ കേള്‍ക്കാനുള്ളത് ബോംബ് സ്‌ഫോടനങ്ങളുടെ വാര്‍ത്തയാണ്. അഷ്‌റഫ് ഗനിയും ഹാമിദ് കര്‍സായിയും ഭരിച്ച കാലത്ത് ജയിലിനകത്തായിരുന്ന 2800ല്‍പരം ഐഎസ് ഭീകരരെ തുറന്നുവിട്ടാണ് യുഎസ് സൈന്യം നാടുവിട്ടതെന്ന സംശയത്തെ അടിവരയിടുന്ന റിപോര്‍ട്ടുകളല്ലേ പിന്നീട് പുറത്തുവന്നത്? ഈ ആസ്ഥാന തെമ്മാടികളുടെ സ്‌പോണ്‍സേര്‍ഡ് വിളയാട്ടം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നതും അമേരിക്ക 'ഭീകരര്‍'ക്കെതിരേ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുന്നതുമൊക്കെ ശ്രദ്ധിക്കുക. കാബൂളില്‍ ഇത്രയും കാലം ഇടത്തേ കാലിലുണ്ടായിരുന്ന മന്ത് വലത്തേതിലേക്കു മാറുക മാത്രമാണ് സംഭവിച്ചത്.
ലോകത്തിന്റെ പ്രതികരണം
താലിബാന്‍ മടങ്ങിയെത്തിയതിനോട് ലോകരാജ്യങ്ങള്‍ ആദ്യ ദിവസങ്ങളില്‍ പ്രതികരിച്ച രീതിയില്‍ പൊതുവെ ഈ ആശങ്ക കാണാനുണ്ട്. ചൈനയ്ക്കും ഇറാനുമിടയില്‍ നിലനിന്ന ലോക ചരിത്രത്തിലെ ഏറ്റവും സുദീര്‍ഘമായ ഒരു ഡിസ്റ്റബിലൈസേഷന്‍ (അസ്ഥിരത) അജണ്ട അമേരിക്ക ഇത്ര വേഗം അവസാനിപ്പിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ചൈനയുടെ രഹസ്യപ്പോലിസ് സംവിധാനങ്ങള്‍ പോലും ഇത്രയും വേഗത്തില്‍ കാബൂള്‍ കീഴടങ്ങുമെന്നു പ്രതീക്ഷിച്ചിട്ടുമില്ല. പക്ഷേ, നിലവില്‍ ചൈനയ്ക്ക് അനുകൂലമാണ് മേഖലയുടെ ചിത്രം. ആദ്യഘട്ടത്തില്‍ താലിബാനെതിരേയും പിന്നീട് അമേരിക്കയ്‌ക്കെതിരേയുമാണ് ചൈനയുടെ പ്രതികരണങ്ങള്‍ പുറത്തുവന്നത്. മറ്റു രാജ്യങ്ങള്‍ എംബസികളടച്ചു രാജ്യം വിട്ടോടിയപ്പോള്‍ താലിബാനെ വിലയിരുത്താന്‍ കുറച്ചുകൂടി സമയം ആവശ്യപ്പെടുകയാണ് ചൈന ചെയ്തത്. ഒറ്റനോട്ടത്തില്‍ ചൈന താലിബാനൊപ്പമല്ലെന്നു തോന്നുമെങ്കിലും അണിയറയില്‍ വളരെ സജീവമായിരുന്നു നീക്കങ്ങള്‍. വാങ്‌യിയും മുല്ലാ അബ്ദുല്‍ ഖനി ബര്‍ദാറും ജൂലൈയില്‍ ടിയാന്‍ജിനില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുപക്ഷവും വിശാലമായ ധാരണകളിലേക്ക് എത്തിയിട്ടുണ്ട്. വൈഗൂര്‍ പ്രശ്‌നത്തില്‍ ഇടപെടാതിരിക്കാന്‍ താലിബാനു വമ്പിച്ച സഹായ പദ്ധതികള്‍ ചൈന വാഗ്ദാനം ചെയ്തതായും അതവര്‍ അംഗീകരിച്ചതായും റിപോര്‍ട്ടുകളുണ്ട്. താലിബാന്‍ അഫ്ഗാനെ കുട്ടിച്ചോറാക്കുന്നതിലപ്പുറം ഭീകരത കയറ്റുമതി ചെയ്തതായി ഇതുവരെ റിപോര്‍ട്ടുകളില്ലല്ലോ. വൈഗൂര്‍ പ്രശ്‌നത്തില്‍ നിന്ന് അവര്‍ വിട്ടുനില്‍ക്കുകയാണെങ്കില്‍ 60 രാജ്യങ്ങളിലെ തുറമുഖങ്ങളെയും എയര്‍പോര്‍ട്ടുകളെയും ലക്ഷ്യംവയ്ക്കുന്ന ബെല്‍റ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവ് എന്ന ചൈനയുടെ പടുകൂറ്റന്‍ വാണിജ്യ ഇടനാഴി പദ്ധതിയില്‍ അഫ്ഗാനെ ഉള്‍പ്പെടുത്തുന്നത് ചൈനയ്ക്കു വന്‍ നേട്ടമായി മാറും. ഇതിനു പുറമെ സീപെക് പദ്ധതിയുടെ ഭാഗമായി കാബൂളില്‍ നിന്നു പെഷാവറിലേക്കു റോഡുണ്ടാക്കാനും ചൈന തയ്യാറായിട്ടുണ്ട്. അഫ്ഗാനിസ്താനും പാകിസ്താനും തമ്മിലുള്ള ബന്ധങ്ങളിലും പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങളിലുമൊക്കെ വലിയ മാറ്റങ്ങള്‍ക്കാണ് ഇതു വഴിയൊരുക്കാന്‍ പോവുന്നത്. റഷ്യ-ചൈന അച്ചുതണ്ടിനൊപ്പം നില്‍ക്കുന്നതിനെക്കാളും നേട്ടമൊന്നും മേഖലയിലെ മറ്റു രാജ്യങ്ങള്‍ അമേരിക്കന്‍ ചേരിയില്‍നിന്ന് ഇനിയുള്ള കാലം പ്രതീക്ഷിക്കാനും പോവുന്നില്ല.
വിലയിരുത്തുന്നതിലെ പാളിച്ചകള്‍
നമുക്ക് സംഭവിച്ചുകൊണ്ടേയിരിക്കുന്ന ചില അബദ്ധങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് താലിബാന്‍ എന്ന വാക്കിന്റെ പരിധിയില്‍ അഫ്ഗാനിലെ എല്ലാ സംഘങ്ങളെയും ഒന്നിച്ചടുക്കുന്നത്. അമേരിക്ക പോറ്റിവളര്‍ത്തിയ ഗുണ്ടാ സംഘങ്ങളും അവര്‍ക്കെതിേര ഒരു വിട്ടുവീഴ്ചയുമില്ലാതെ സമരം ചെയ്തവരും ഇതിലൊന്നും പെടാതെ പാകിസ്താനെതിരേ അഫ്ഗാനിലിരുന്ന് 'ജിഹാദ്' നടത്തിയവരുമൊക്കെ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഭാഷയില്‍ താലിബാനികളായിരുന്നു. ഇന്ത്യന്‍ പക്ഷത്തേക്ക് അമേരിക്ക കൂറുമാറിയതിനെ തുടര്‍ന്ന് പാകിസ്താന്റെയും ചൈനയുടെയും രഹസ്യ പിന്തുണയോടെ നാറ്റോക്കെതിരേ പൊരുതിയ സംഘമാണ് നിലവില്‍ കാബൂള്‍ പിടിച്ചടക്കിയത്. ഡ്യൂറന്റ് അതിര്‍ത്തി കേന്ദ്രീകരിച്ചു പാകിസ്താനില്‍ ഭീകരാക്രമണങ്ങള്‍ നടത്തിവന്ന തഹ്‌രീകെ താലിബാന്‍ എന്ന ഉഡായിപ്പ് സംഘത്തെ നവാസ് ശരീഫിന്റെ കാലത്ത് സൈന്യം നിര്‍ദാക്ഷിണ്യം നേരിട്ടതോടെ രക്ഷപ്പെട്ടോടിയ രണ്ടായിരത്തോളം തെമ്മാടികള്‍ നിലവില്‍ അഫ്ഗാനിലുണ്ട്. അഫ്ഗാനിസ്താന്റെ സര്‍ക്കാര്‍ സൈനികരും പോരാട്ടവീര്യം ചോര്‍ന്നുപോയ വിവിധ ഗ്രൂപ്പുകളില്‍പ്പെട്ട പഴയ അമേരിക്കന്‍ കൂലിപ്പടയാളികളുമാണ് കടുത്ത പ്രതിസന്ധിയിലകപ്പെട്ടു രാജ്യം വിട്ടോടുന്നത്. അല്‍ഖാഇദയും ഐഎസും ഈസ്റ്റ് തുര്‍കിസ്താന്‍ ഇസ്‌ലാമിക് ഫോഴ്‌സുമൊക്കെ കാബൂളിനു ചുറ്റും ബാക്കിവച്ചണ് അമേരിക്ക നാടുവിട്ടതെങ്കിലും ഈ ഗ്രൂപ്പുകളൊക്കെ ഏതോ രീതിയില്‍ താലിബാനുമായി വെടിനിര്‍ത്തലിലേക്കാണ് എത്തിച്ചേരുന്നത്. വടക്കന്‍ പ്രവിശ്യയിലെ പഞ്ച്ശീര്‍ താഴ്‌വരയിലെ താജിക്കുകളില്‍ നിന്നുമാത്രമേ വിമത ശബ്ദങ്ങള്‍ കേള്‍ക്കാനുള്ളൂ. അമേരിക്ക പോറ്റിവളര്‍ത്തിയ വടക്കന്‍ സഖ്യത്തിന്റെ നേതാവ് അഹ്മദ് മസൂദും അംറുല്ലാ സാലിഹും നയിക്കുന്ന ഈ പോരാട്ടം ഏറെയൊന്നും മുന്നോട്ടു പോവാനിടയില്ല. 'വാഷിങ്ടണ്‍ പോസ്റ്റി'നു നല്‍കിയ അഭിമുഖത്തില്‍ അഹ്മദ് മസൂദ് അമേരിക്കയോട് ആവശ്യപ്പെടുന്നത് ആയുധം നല്‍കി സഹായിക്കണമെന്നാണ്. അതായത്, താജിക്കുകള്‍ ഇനി യുദ്ധം തുടരുകയാണെങ്കില്‍ സ്വാഭാവികമായും അമേരിക്കയുടെ ഇരട്ടത്താപ്പ് ആരോപിച്ചു താലിബാന്‍ ദോഹ കരാറിനെ തള്ളിപ്പറയുകയാണുണ്ടാവുക. മേഖലയിലെ അമേരിക്കയുടെ അവസാനത്തെ പിടിവള്ളി ഈ മസൂദും സാലിഹും മാത്രമായതുകൊണ്ട് അവരെ സഹായിക്കുകയല്ലാതെ അമേരിക്കയ്ക്കു നിവൃത്തിയുമില്ല. അസ്ഥിരത ഉറപ്പു വരുത്താനുള്ള അവസാനവട്ട കുതന്ത്രങ്ങളിലാണ് അമേരിക്ക എന്നേ പറയാനാവൂ.
താലിബാന്‍ ചര്‍ച്ച
അഫ്ഗാനില്‍ താലിബാന്റെ നേതൃത്വത്തില്‍ പുതിയൊരു ഭരണകൂടം അധികാരത്തിലേറിയാല്‍ അത് എപ്രകാരമാണ് ഇന്ത്യയെ ബാധിക്കുക? ഭൗമ രാഷ്ട്രീയപരമായും സാമ്പത്തികമായും അതിലേറെ മേഖലയുടെ സ്ഥിരതയുമായുമൊക്കെ ബന്ധപ്പെട്ട വളരെയേറെ അര്‍ഥതലങ്ങളുള്ള ചര്‍ച്ചകള്‍ക്കുള്ള സമയമാണിത്. ദൗര്‍ഭാഗ്യവശാല്‍ അതിനു പകരം അവിടത്തെ പെണ്ണുങ്ങളുടെ പര്‍ദ്ദയെ കുറിച്ചും വ്യഭിചരിച്ചാല്‍ കിട്ടാന്‍ പോവുന്ന ചാട്ടവാറടിയെ കുറിച്ചും അങ്ങാടിയില്‍ ചങ്ങലയിട്ടു ലേലത്തിനു വച്ച ലൈംഗിക തൊഴിലാളികളെ കുറിച്ചുമാണ് ഈ കേരളത്തില്‍ പോലും അന്തിച്ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ സകല പുലികളും താലിബാനികളുടെ ചെലവില്‍ മുസ്‌ലിം സമൂഹത്തിന്റെ മേക്കിട്ടു കയറി ഡപ്പാംകുത്ത് നടത്തുന്നുണ്ട്. മതേതര കോണ്‍ഗ്രസ്സിന്റെ അന്താരാഷ്ട്ര മുഖമായ ശശി തരൂര്‍ എംപി മുതല്‍ കമ്മ്യൂണിസ്റ്റ് കേരളത്തിലെ മഹാനായ സൈദ്ധാന്തികന്‍ സുനില്‍ പി ഇളയിടം വരെ മുന്‍വിധികളും മതവൈരവും മണക്കുന്ന എഴുത്തുകളും ട്വീറ്റുകളുമായാണ് വിഷയത്തില്‍ പ്രതികരിച്ചത്. അഫ്ഗാനിസ്താനു പുറത്ത് എവിടെയാണാവോ താലിബാന്‍ മറ്റേതെങ്കിലും രാജ്യത്തിനെതിരേ എപ്പോഴെങ്കിലും ആക്രമണം നടത്തിയത്? അതല്ലെങ്കില്‍ അഫ്ഗാനില്‍ മുല്ലാ ഉമറും ഉസാമാ ബിന്‍ ലാദിനും അയ്മന്‍ സവാഹിരിയും ഗുല്‍ബുദ്ധീന്‍ ഹിക്മത്യാറും അബ്ദുല്‍ റശീദ് ദോസ്തവുമൊക്കെ ഉണ്ടായിരുന്ന കാലത്ത് എന്ത് ദുരന്തമാണാവോ മുസ്‌ലിംകളുടെ വകയായി ഇന്ത്യയില്‍ ഉണ്ടായത്?
ഇന്ത്യയുടെ വിദേശനയവും താലിബാനും
നമ്മുടെ രാഷ്ട്രീയ പ്രക്രിയയ്ക്കു ബിജെപി ഏല്‍പ്പിച്ച ആഘാതങ്ങളെ കുറിച്ചാണ് ഈ താലിബാന്‍ കോലാഹലങ്ങള്‍ തിരിച്ചറിവ് നല്‍കുന്നത്. ചേരിചേരാ നയത്തില്‍ നിന്നു ബഹുദൂരം വ്യതിചലിച്ച് തെറ്റും ശരിയും നോക്കാത്ത അമേരിക്കന്‍ പക്ഷത്തെ കേവല ഏറാന്‍മൂളികളായി മോദി കാലഘട്ടം ഇന്ത്യയെ മാറ്റിയെടുത്തു. അമേരിക്കയും ഇസ്രായേലും വിചാരിച്ചാല്‍ മുസ്‌ലിംകളെ വിഴുങ്ങിക്കളയാനാവുമെന്നു ധരിച്ചുവശായ ആര്‍എസ്എസിന്റെ വിശാലമായ വംശീയ അജണ്ടകളാണ് ഒറ്റനോട്ടത്തില്‍ നടപ്പായിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ നയരൂപീകരണ വേദികള്‍ ഇത്തരം കുടുസ്സായ തലച്ചോറുകളുടെ കൂത്തരങ്ങുകളാണ്. സ്വാഭാവികമായും ആഭ്യന്തര മേഖലയിലും ഇതേ നയങ്ങള്‍ അടക്കിഭരിക്കാനാരംഭിച്ചു. മതേതര ചിന്ത രാജ്യത്ത് പൂര്‍ണമായും ഇല്ലാതായി. രാജ്യതാല്‍പ്പര്യം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും വിഷയമല്ലാതായി. രാഷ്ട്രീയ താല്‍പ്പര്യങ്ങളാവട്ടെ ഹിന്ദു-മുസ്‌ലിം ദ്വന്ദമായും മാറി. അഫ്ഗാനിലെ ഈ പുതിയ ഭരണമാറ്റം നരേന്ദ്രമോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം മുഖമടച്ചു കിട്ടിയ അടിയായിട്ടും കോണ്‍ഗ്രസ്സിനുപോലുമില്ല അതേക്കുറിച്ചു ചര്‍ച്ച ചെയ്യാനുള്ള ധൈര്യം. അമേരിക്കയും സഖ്യകക്ഷികളും കറക്കിക്കൊണ്ടിരുന്ന വംശീയതയുടെ അച്ചുതണ്ടിനു ചുറ്റും 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ' എന്ന മട്ടില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വലിയ ഉല്‍സാഹത്തോടെ പാഞ്ഞു നടന്നവരായിരുന്നു മോദിയും കൂട്ടരും. എന്നിട്ടോ? ട്രംപിനു ശേഷം ബൈഡന്‍ വന്നതോടെ വെള്ളത്തില്‍ വരച്ച വരപോലെയായി ഇന്ത്യയുടെ പങ്കുകച്ചവടം. ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യവിരുദ്ധ അജണ്ടയുടെ പരാജയവും ഏറ്റുവാങ്ങി അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്ക തടിയെടുത്തപ്പോള്‍ ഇന്ത്യയാണ് എല്ലാ അര്‍ഥത്തിലും പ്രതിസന്ധിയിലാവുന്നത്. ചൈനയും പാകിസ്താനുമൊപ്പം അഫ്ഗാനും ഇറാനും റഷ്യയുമൊക്കെ സഖ്യം ശക്തിപ്പെടുത്തുകയാണ്. ഏഷ്യന്‍ ചേരിയിലെ മിക്ക രാജ്യങ്ങളുമായുള്ള ബന്ധവും മോദി കാലത്ത് ദുര്‍ബലമായ അവസ്ഥയിലാണ് ഇന്ത്യ.
സാമ്പത്തിക താല്‍പ്പര്യങ്ങള്‍
അമേരിക്കയ്ക്കു പിറകില്‍ ഉറച്ചുനിന്നതുകൊണ്ടു വലിയ അദ്ഭുതമൊന്നും ഇനിയുള്ള കാലത്ത് ഉണ്ടാവണമെന്നില്ല. സമീപകാലത്തെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് അവര്‍ നീങ്ങുന്നത്. അഫ്ഗാനിസ്താനെ കീഴടക്കുക വഴി അമേരിക്ക തടസ്സപ്പെടുത്താന്‍ ശ്രമിച്ച ചൈനയുടെ സാമ്പത്തിക ഇടനാഴികള്‍ മേഖലയുടെ ശാക്തിക രാഷ്ട്രീയത്തെ കീഴ്‌മേല്‍ മറിക്കാന്‍ ശേഷിയുള്ളതാണ്. അതാണ് മുമ്പെന്നത്തേക്കാളും ശക്തിയാര്‍ജിക്കുന്നത്. ചൈനയ്ക്കും പാകിസ്താനുമിടയിലെ ചരക്കു ഗതാഗതമാണ് പ്രധാനമായും സീപെക് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെങ്കിലും മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരവുമായി ബന്ധപ്പെട്ട് അഫ്ഗാനിസ്താനും നിര്‍ണായകമായ ഇടം ലഭിക്കും. 60 രാജ്യങ്ങളിലേക്കു ചൈന ലക്ഷ്യം വയ്ക്കുന്ന ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയിലും അഫ്ഗാനിസ്താന്‍ പ്രധാനപ്പെട്ട ഒരു കണ്ണിയായി മാറും. കൊവിഡിനു ശേഷമുള്ള ലോകത്ത് റഷ്യയും ചൈനയുമൊക്കെ ലോകക്രമത്തില്‍ പുതിയൊരു അച്ചുതണ്ടായി മാറും. അമേരിക്ക ദോഹയില്‍ ചര്‍ച്ച നടത്തുന്നതിനിടയില്‍ തന്നെ താലിബാനുമായി ചൈന രഞ്ജിപ്പിലെത്തിയതായി സൂചനകളുണ്ട്. താലിബാന്‍ നേതാവ് മുല്ലാ അബ്ദുല്‍ ഗനി ബര്‍ദാറുമായി ചൈനയുടെ വിദേശകാര്യ മന്ത്രി കഴിഞ്ഞ മാസം ടിയാന്‍ജിനില്‍ കൂടിക്കാഴ്ച നടത്തി. മാത്രവുമല്ല ഇറാനുമായും പാകിസ്താനുമായുമൊക്കെ നയതന്ത്രപരമായി മികച്ച നീക്കങ്ങള്‍ക്കാണ് ഇതുവരെ താലിബാന്‍ മുന്‍കൈയെടുത്തത്. അമേരിക്കയുടെ ചെരിപ്പിനനുസരിച്ച് കാലു മുറിച്ച പഴയ നിലപാടുകളുമായിട്ടാവുമോ ഇന്ത്യ ഇനിയും മുന്നോട്ടു പോവുക? അതായത്, നാഗ്പൂരിലെ കിളവന്‍മാരുടെ ഞരമ്പുരോഗത്തിനു മാത്രം ശമനമുണ്ടാക്കുന്ന 'നയതന്ത്ര' വിദ്യകളുമായി? മേഖലയിലും പുറത്തും ചൈന അനിഷേധ്യമായ സാമ്പത്തിക അധീശത്വം നേടുമെന്നു വ്യക്തമായിരിക്കെ, ഈ സാഹചര്യങ്ങളെ എങ്ങനെ ഗുണപരമായി ഉപയോഗപ്പെടുത്താനാവും എന്നല്ലേ ഇന്ത്യ ഇനി ചര്‍ച്ചയ്‌ക്കെടുക്കേണ്ടത്? മറ്റൊരു രാജ്യത്തിനെതിരേയും അഫ്ഗാനിസ്താന്റെ മണ്ണ് ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്നു താലിബാന്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിക്കഴിഞ്ഞിരിക്കെ മേഖലയില്‍ ഇന്ത്യക്കുമില്ലേ ചില സാധ്യതകള്‍?
അഫ്ഗാന്‍ നയം
അയല്‍പക്കത്തെ നമുക്കു മാറ്റാനാവില്ല, നന്നാക്കാനാവുമെന്ന വാജ്‌പേയിയുടെ പാഠം മോദി പഠിച്ച പുസ്തകത്തില്‍ കാണാനുണ്ടായിരുന്നില്ല. കാബൂളിലെ പാവ സര്‍ക്കാരുകള്‍ അമേരിക്ക പോയാലും നിലനില്‍ക്കുമെന്നോ ആ രാജ്യം എക്കാലവും പ്രശ്‌നകലുഷിതമായി തുടരുമെന്നോ പ്രതീക്ഷിച്ചാണ് നമ്മുടെ നയങ്ങള്‍ മുന്നോട്ടു പോയത്. പക്ഷേ, അമേരിക്ക വൃത്തിയായി ഇന്ത്യയെ കാലുവാരി. അഫ്ഗാനിസ്താനിലെ നമ്മുടെ പ്രിയപ്പെട്ട പ്രസിഡന്റുമാരായിരുന്ന ഹാമിദ് കര്‍സായിയും നാടുവിട്ട അഷ്‌റഫ് ഗനിയുമൊക്കെ നിലവില്‍ താലിബാനുമായി ചര്‍ച്ച നടത്തുകയാണ്. 80 ശതമാനത്തിലേറെ അഫ്ഗാനിലെ പ്രവിശ്യകളും അവരുടെ നിയന്ത്രണ രേഖകള്‍ക്കു പുറത്തായിരുന്നുവെന്ന് അറിഞ്ഞുകൊണ്ടാണ് ഈ പ്രസിഡന്റുമാരെ ഇന്ത്യ പിന്തുണച്ചത്. അമേരിക്ക പിന്‍വാങ്ങുന്ന സാഹചര്യമുണ്ടായാല്‍ എന്തു ചെയ്യുമെന്നതിന് ഒരു 'പ്ലാന്‍ ബി' മോദി സര്‍ക്കാരിനുണ്ടായിരുന്നില്ല. സമീപകാല ചരിത്രത്തിലെ ഏറ്റവും വിലകൂടിയ വിദേശ ഇടപെടലുകളാണ് ഇന്ത്യ അഫ്ഗാനില്‍ നടത്തിയത്. മൂന്നു ബില്യണ്‍ ഡോളറിന്റെ റോഡുകളും പാലങ്ങളും മറ്റു പദ്ധതികളുമൊക്കെ ഹാമിദ് കര്‍സായി മുതല്‍ക്കിേങ്ങാട്ടുള്ള ഗവണ്‍മെന്റുകളുടെ കാലത്ത് ന്യൂഡല്‍ഹിയില്‍ നിന്ന് അഫ്ഗാനിലേക്കൊഴുകി. താലിബാനെ മോദി സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ ഈ പ്രൊജക്റ്റുകളുടെ ഭാവി എന്താണ്? അഫ്ഗാന്‍ ജനതയോടുള്ള നമ്മുടെ സ്‌നേഹത്തിനു താലിബാന്‍ ഒരു തടസ്സമായി മാറുന്നില്ലെങ്കില്‍ വിശേഷിച്ചും ഈ ചോദ്യം പ്രസക്തമാവുന്നുണ്ട്.
മാടമ്പിത്തരത്തിന്റെ കെടുതികള്‍
2.6 ട്രില്യണ്‍ ഡോളറാണ് അമേരിക്ക ഇതുവരെ അഫ്ഗാന്‍ പിടിക്കാനായി ചെലവിട്ടതെന്നോര്‍ക്കുക. വിശുദ്ധ ഖുര്‍ആനും മറ്റ് ഇസ്‌ലാമിക ഗ്രന്ഥങ്ങളും അഫ്ഗാനികളുടെ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യാനും അതു പഠിപ്പിക്കുന്നതിനു വളച്ചൊടിച്ച വ്യാഖ്യാനങ്ങളുമായി കള്ള മൊല്ലമാരെ പടച്ചുണ്ടാക്കാനും അക്രമാസക്തമായ ഒരു ഇസ്‌ലാമിനെ ഉയര്‍ത്തിപ്പിടിക്കുന്ന ഗുണ്ടകളെ തീറ്റിപ്പോറ്റാനുമൊക്കെയാണ് ആ 2.6 ട്രില്യണില്‍ നല്ലൊരു പങ്കും ചെലവഴിച്ചത്. 20 ലക്ഷം മനുഷ്യരെയാണവര്‍ കൊന്നത്. എന്തിനു വേണ്ടിയായിരുന്നു അത്? ഉസാമ ബിന്‍ ലാദിനെ പിടികൂടാനോ? 2001ല്‍ ഈ ലാദിന്‍ മരിച്ചെന്നു ലോകത്തെ ഏറ്റവും വിശ്വാസ്യതയുള്ള അമേരിക്കയുടെ 'ടൈം' മാഗസിന്‍ റിപോര്‍ട്ട് ചെയ്തിരുന്നില്ലേ? അങ്ങേരുടെ രണ്ടു കിഡ്‌നികളും 1999-2000 കാലത്തുതന്നെ പൂര്‍ണമായും തകരാറിലാണെന്നും വേഷം കെട്ടി യുദ്ധഭീഷണി മുഴക്കുന്നത് മറ്റാരോ ആണെന്നും തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടില്ലേ? ഇത്രയൊക്കെ രഹസ്യവിവരങ്ങള്‍ ശേഖരിക്കാനായിട്ടും നീണ്ട 10 വര്‍ഷം പാകിസ്താനിലെ അബട്ടാബാദില്‍ അമേരിക്ക അറിയാതെയാണോ അയാള്‍ ജീവിച്ചിട്ടുണ്ടാവുക? ഉസാമ ബിന്‍ ലാദിനെ കുറിച്ചു സാധാരണക്കാരന്‍ കേട്ടതത്രയും നുണകള്‍ മാത്രമായിരുന്നു. കാലം അതു തെളിയിക്കുമായിരിക്കും. അല്‍ഖാഇദ എന്നതും ഇന്ത്യന്‍ മുജാഹിദ്ദീനെ പോലെ കൂലിത്തല്ലുകാരുടെ മറ്റൊരു സംഘം മാത്രമായിരുന്നു. അവരെയൊക്കെ ചൂണ്ടിക്കാട്ടി പതിറ്റാണ്ടുകള്‍ അമേരിക്ക നടത്തിയ നരനായാട്ടിനിടയിലും അവര്‍ പടച്ചുണ്ടാക്കിയ പതിനായിരക്കണക്കിനു വ്യാജ താലിബാനികള്‍ക്കിടയിലും ഒരു കൂട്ടരെങ്കിലും തോല്‍ക്കാതെ ബാക്കിയാവുകയാണ് ഇപ്പോഴുണ്ടായത്. വിയറ്റ്‌നാമിനു ശേഷം അമേരിക്കയുടെ മറ്റൊരു ഭൂലോക തോല്‍വി. അതിന്റെ ജാള്യതയാണ് പാശ്ചാത്യന്‍ മാധ്യമങ്ങളിലെ നുണക്കഥകളുടെ അടിസ്ഥാനമായി മാറുന്നത്. അവിടെ ജനാധിപത്യം ശക്തിപ്പെടുത്തുന്നത് പോവട്ടെ, സുശക്തമായ ഒരു സൈന്യത്തെ വളര്‍ത്തിയെടുക്കാന്‍ പോലും അമേരിക്കയ്ക്കു കഴിഞ്ഞില്ല. ഏതൊന്നിനെ എതിര്‍ക്കുന്നുവെന്നാണോ ഇത്രയും കാലം പെരുമ്പറയടിച്ചു നടന്നത് അതേ താലിബാനെ അധികാരത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ടാണ് ഒടുവില്‍ അവര്‍ക്കു മടങ്ങിപ്പോവേണ്ടി വരുന്നതും. അമേരിക്കയുടെ 'ഐതിഹാസിക'മായ ഈ പരാജയത്തെ യൂറോപ്യന്‍ യൂനിയനും സഖ്യകക്ഷികളുമൊക്കെ നിര്‍ദാക്ഷിണ്യം വിമര്‍ശിച്ചതിനു പല കാരണങ്ങളുണ്ട്. ഇത്രയും കാലം അമേരിക്കയോടൊപ്പം നിന്നതിന് ഇനി പിഴയൊടുക്കേണ്ടി വരുക ഈ രാജ്യങ്ങളാണ്. ബ്രിട്ടനില്‍ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ജോ ബൈഡനെതിരേ രൂക്ഷമായി പ്രതികരിച്ചത് ഉദാഹരണം.
(തേജസ് ദൈ്വവാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനം)