ഭുവനേശ്വര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ വിദ്യാഭ്യാസ വകുപ്പ് 2020-21 അധ്യയന വര്‍ഷത്തെ സ്‌കൂള്‍ സിലബസ് 30 ശതമാനത്തോളം വെട്ടിക്കുറച്ചു. ഒഡീഷ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി രഞ്ജന്‍ ദാസ് ആണ് സിലബസ് വെട്ടിച്ചുരുക്കിയ വിവരം പുറത്തുവിട്ടത്.
1ാം ക്ലാസ് മുതല്‍ 12ാം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ തീരുമാനം ബാധകമാവുക. ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍, കൗണ്‍സില്‍ ഓഫ് ഹയര്‍ സെക്കന്‍ഡറി എഡ്യുക്കേഷന്‍, സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷനല്‍ റിസര്‍ച്ച് ആന്റ് ട്രയിനിങ് തുടങ്ങിയവയുമായി നടത്തിയ യോഗത്തിനു ശേഷമാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്.
പുതുക്കിയ സിലബസ് ബിഎസ്ഇ, സിഎച്ച്എസ്ഇ, എസ് സിഇആര്‍ടി വെബ്‌സൈറ്റുകളില്‍ ലഭ്യമാവും.
സംസ്ഥാനവുമായി ബന്ധപ്പെട്ടതും സുപ്രധാനവുമല്ലാത്ത ഭാഗങ്ങളാണ് ഒഴിവാക്കിയതെന്ന് മന്ത്രി പറഞ്ഞു.
കൊവിഡ് കാലത്തെ സിലബസ് വെട്ടിച്ചുരുക്കല്‍ ഇന്ത്യയില്‍ നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.