ചേര്‍ത്തല: അയല്‍വാസിയായ നാലുവയസുകാരിയെ മൂന്നുവര്‍ഷക്കാലം പീഡിപ്പിച്ച വയോധികനെ 110 വര്‍ഷം തടവിനും ആറുലക്ഷം പിഴയ്ക്കും ശിക്ഷിച്ചു. മാരാരിക്കുളം തെക്ക് പൊള്ളേത്തൈ ആച്ചമത്ത് വെളിവീട്ടില്‍ രമണനെ (62) ആണ് ചേര്‍ത്തല പോക്‌സോ പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം കൂടി ശിക്ഷയനുഭവിക്കണം.
2019ല്‍ തുടങ്ങിയ പീഡനം പുറത്തറിഞ്ഞ് 2021ലാണ്. പ്രതിയുടെ വീട്ടില്‍ ടിവി കാണുന്നതിനും മറ്റും ചെല്ലുന്ന സമയത്ത് പല ദിവസങ്ങളിലായി പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍ പോലിസ് പിടിക്കുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 2021ല്‍ കുട്ടിയെ ഉപദ്രവിക്കുന്നതു ശ്രദ്ധയില്‍പെട്ട കുട്ടിയുടെ അമ്മൂമ്മയാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. തുടര്‍ന്ന് അമ്മൂമ്മ അമ്മയെ അറിയിക്കുകയും പോലിസിലും ചൈല്‍ഡ് ലൈനിലും വിവരം കൈമാറുകയുമായിരുന്നു. മണ്ണഞ്ചേരി പോലിസാണ് പരാതി അന്വേഷിച്ച് പ്രതിയെ പിടികൂടിയതും കുറ്റപത്രം നല്‍കിയതും. കുട്ടിയെ ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടും ആരോടും പറയാതെ മറച്ചുവെച്ച പ്രതിയുടെ ഭാര്യയും കേസില്‍ പ്രതിയായിരുന്നു. എന്നാല്‍ വിചാരണ സമയത്ത് ഇവര്‍ കിടപ്പിലായതിനെ തുടര്‍ന്ന് കേസ് വിഭജിച്ച് നടത്തുകയായിരുന്നു.