നാടകാചാര്യന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

ലോക്‌സഭയില്‍ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്

Update: 2024-11-22 10:47 GMT

ന്യൂഡല്‍ഹി:കൊച്ചി: നാടകാചാര്യനും എഴുത്തുകാരനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു. 101-ാമത്തെ വയസ്സില്‍ ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ഹോസ്പിറ്റലിയായിരുന്നു അന്ത്യം. 1924 ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച് തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പഠനം പൂര്‍ത്തിയാക്കി. ആദ്യകാലത്ത് കവിത രചനയായിരുന്നെങ്കില്‍ പിന്നീട് നാടകത്തിലേക്ക് തിരിയുകയായിരുന്നു. 1951-ല്‍ ആകാശവാണിയില്‍ മലയാളം വാര്‍ത്താ വിഭാഗത്തില്‍ ജീവനക്കാരനായി ഡല്‍ഹിയില്‍ എത്തി. പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റര്‍, പ്രചരണ വിഭാഗം ഉദ്യോഗസ്ഥന്‍ എന്നീ ചുമതലകള്‍ വഹിച്ചു

ലോക്‌സഭയില്‍ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. ഈ വെളിച്ചം നിങ്ങളുടേതാകുന്നു എന്ന നാടകത്തില്‍ അഭിനയിച്ചത് എംപിമാരായിരുന്ന കെസി ജോര്‍ജ്, പി ടി പുന്നൂസ്, ഇമ്പിച്ചി ബാവ, വി പി നായര്‍ തുടങ്ങിയവരാണ്. ഒന്‍പത് മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും ഓംചേരി മലയാളത്തിന് സമ്മാനിച്ചു.

സമസ്തകേരള സാഹിത്യ പരിഷത്ത് സമ്മാനം (1952), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് - നാടകം (1972), സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം അവാര്‍ഡ് (1974), കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവന പുരസ്‌കാരം (2010), കേരള സംഗീത നാടക അക്കാദമി പ്രവാസി കലാരത്‌നാ അവാര്‍ഡ് (2012), നാട്യഗൃഹ അവാര്‍ഡ് (2014), കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പ്രഥമ കേരള പ്രഭാ പുരസ്‌കാരം (2022) എന്നിവ ലഭിച്ചിട്ടുണ്ട്. പരേതയായ ഡോ. ലീല ഓംചേരിയാണ് ഭാര്യ. സംഗീതജ്ഞന്‍ കമുകറ പുരുഷോത്തമന്റെ സഹോദരിയും എഴുത്തുകാരിയുമായ പരേതയായ ലീലാ ഓംചേരിയാണ് ഭാര്യ. മകന്‍ എസ്.ഡി. ഓംചേരി (ശ്രീദീപ് ഓംചേരി). മകള്‍ ദീപ്തി ഓംചേരി.

Tags:    

Similar News