ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനങ്ങള്‍ വ്യാപകമാക്കണം: മുഖ്യമന്ത്രി

Update: 2022-04-16 11:49 GMT

തിരുവനന്തപുരം: സുരക്ഷിതമായ സംവിധാനങ്ങളോടെയുള്ള ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ രാജ്യത്തെമ്പാടും സ്ഥാപിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം കോവളത്ത് പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചെയര്‍മാന്‍മാരുടെ ദേശീയ കോണ്‍ഫറന്‍സിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുരക്ഷിത സംവിധാനങ്ങളുടെ ലഭ്യതക്കുറവ് സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ വ്യാപകമാക്കുന്നതിനു തടസമുണ്ടാക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതു പരിഹരിക്കുന്നതിനു രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നകാര്യം ആലോചിക്കണം. യു.പി.എസ്.സിക്കും പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കുമൊപ്പം സംസ്ഥാനങ്ങള്‍ക്കും ഇവ പ്രയോജനപ്പെടും. റിക്രൂട്ട്‌മെന്റ് അടക്കമുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പി.എസ്.സികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ റിക്രൂട്ട്‌മെന്റുകളില്‍നിന്നു പി.എസ്.സിയെ ഒഴിവാക്കുന്ന രീതി രാജ്യത്തു ചിലിടേങ്ങളില്‍ കണ്ടുവരുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഓഫ്, ലേഔട്ട്, കൂട്ടത്തോടെയുള്ള റിട്ടയര്‍മെന്റ് തുടങ്ങിയവ സാധാരണമായിരിക്കുന്നു. കൊവിഡിന്റെ ആദ്യ തരംഗമുണ്ടായപ്പോള്‍ രാജ്യത്ത് ഓരോ മണിക്കൂറിലും 1,17,000 ആളുകള്‍ക്കു ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായെന്നാണു ഓക്‌സ്ഫാം പുറത്തുവിട്ട റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2020 ഏപ്രിലില്‍ രാജ്യത്തെ 84 ശതമാനം പേരുടെ വരുമാനം പൂര്‍ണമായോ ഭാഗീകമായോ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായെന്നാണു കണക്കുകള്‍. ഇത്തരം ഘട്ടങ്ങളില്‍ ദേശീയതലത്തില്‍ പ്രത്യേക ഇടപെടല്‍ നടത്തുകയാണു ജനാധിപത്യ സര്‍ക്കാരുകള്‍ നടത്തേണ്ടത്. നിര്‍ഭാഗ്യവശാല്‍ പ്രതീക്ഷിച്ചരീതിയില്‍ അതുണ്ടായില്ല. എന്നാല്‍, ഈ സമയത്തു കേരളത്തിനു മികച്ച ഇടപെടല്‍ നടത്താനായതു ശ്രദ്ധേയമാണ്. 2016നും 2022നും ഇടയില്‍ 1,18,000 പേര്‍ക്ക് പി.എസി.സി. മുഖേന നിയമന ശുപാര്‍ശ നല്‍കാന്‍ കഴിഞ്ഞു. കോവിഡ് കാലത്ത് 28,837 നിയമനങ്ങള്‍ അവശ്യസേവന മേഖലയില്‍ മാത്രം നടത്താന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

ലാസ്റ്റ് ഗ്രേഡ് മുതല്‍ കെ.എ.എസ്. വരെ സംസ്ഥാന സര്‍ക്കാരിന്റെ 1,700 ഓളം വിഭാഗങ്ങളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ മുഖേനയാണു നിയമനങ്ങള്‍ നടത്തുന്നത്. 5.5 കോടി യുവാക്കള്‍ പി.എസ്.സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓരോ വര്‍ഷവും 80 ലക്ഷം ഉദ്യോഗാര്‍ഥികളെ പങ്കെടുപ്പിച്ചു വിവിധ പരീക്ഷകള്‍ നടത്തുന്നു. അപക്ഷ സ്വീകരിക്കുന്നതുമുതല്‍ നിയമന ശുപാര്‍ശ നല്‍കുന്നതുവരെയുള്ള എല്ലാ നടപടിക്രമങ്ങളും സുതാര്യമായ സാങ്കേതികവിദ്യയിലൂടെയാണു നിര്‍വഹിക്കുന്നത്. പി.എസ്.സി. സ്വീകരിച്ചിരിക്കുന്ന റിസര്‍വേഷന്‍ രീതിയിലൂടെ സംസ്ഥാനത്തെ എല്ലാ മേഖലകളിലുള്ളവര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കഴിയുന്നു. ഇപ്പോള്‍ 5.16 ലക്ഷം ജീവനക്കാരാണു സര്‍ക്കാരിന്റെ വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്നത്. ഇതിനു പുറമേ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി വലിയൊരു വിഭാഗം അധ്യാപക, അനധ്യാപക ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ നിയമനവും പി.എസ്.സിമുഖേനയാക്കണമെന്നു പൊതുസമൂഹത്തില്‍നിന്ന് ആവശ്യമുയരുന്നുണ്ട്. പി.എസ്.സിയുടെ റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങളിലെ പൊതുജനങ്ങളുടെ വിശ്വാസമാണ് ഇതു കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News