സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം: ഓഗസ്റ്റ് 14ന് പ്രത്യേക നിയമസഭാസമ്മേളനം വിളിക്കണം; സ്പീക്കര്‍ക്ക് കത്ത് നല്‍കി പ്രതിപക്ഷനേതാവ്
മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള ഭരണഘടനാ തത്വങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ഒന്നിച്ച് പോരാടുമെന്ന പ്രമേയം നിയമസഭ പാസാക്കണം
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 14 അര്‍ദ്ധരാത്രി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ഇതുസംബന്ധിച്ച് നിയമസഭ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ദീപ്ത സ്മരണ പുതുക്കുന്നതിനും മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള ഭരണഘടനാ തത്വങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ഒന്നിച്ച് പോരാടുമെന്ന പ്രമേയം നിയമസഭ പാസാക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യത്തിന്റെ 25ാം വാര്‍ഷികമായ 1972 ഓഗസ്റ്റ് 14 ന് രാത്രി ഗവര്‍ണറുടെ സാന്നിദ്ധ്യത്തില്‍ കേരള നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്നതും നാല്പതാം വാര്‍ഷികത്തിന്റെ ഭാഗമായി 1987 ഓഗസ്റ്റ് 13ന് പ്രത്യേക സിറ്റിങ് നടത്തിയതും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓഗസ്റ്റ് 14 അര്‍ദ്ധ രാത്രിയില്‍ സഭ സമ്മേളിക്കുന്നതിന് അസൗകര്യമുണ്ടെങ്കില്‍ മറ്റൊരു ദിവസം കേരള നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം 75ാം വാര്‍ഷികത്തിന്റെ ഭാഗമായി ചേരണമെന്നും പ്രതിപക്ഷ നേതാവ് അഭ്യര്‍ഥിച്ചു.