കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഓണം കണ്ണീരിലാഴ്ത്തരുത്: വിഡി സതീശന്‍

ശമ്പളത്തിനായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിവിധ ഡിപ്പോകളില്‍ സമരം നടത്തേണ്ടി വരുന്നത് സങ്കടകരമാണ്

Update: 2022-09-03 08:41 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കു വേണ്ടി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിവിധ ഡിപ്പോകളില്‍ സമരം നടത്തേണ്ടി വരുന്നത് സങ്കടകരമാണ്. തൊഴിലാളി സമരങ്ങളില്‍ ഊറ്റം കൊള്ളുന്നൊരു സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം കണ്ടില്ലെന്ന് നടിക്കരുത്. അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നും സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ പോലെ പൊതുഗതാഗത സംവിധാനവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അവിടെ സര്‍ക്കാര്‍ ലാഭനഷ്ട കണക്കല്ല നോക്കേണ്ടത്. സാധാരണക്കാരുടെ പൊതുഗതാഗത സംവിധാനമാണ് കെഎസ്ആര്‍ടിസി. അതിനെ തകര്‍ക്കരുത്. ജോലി ചെയ്തതിന്റെ കൂലിയാണ് ജീവനക്കാര്‍ ചോദിക്കുന്നത്. ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അവരുടെ ഓണം കണ്ണീരിലാക്കരുത് എന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

അതേസമയം, കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങി. ഹൈക്കോടതി നിര്‍ദേശപ്രകാരം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കുടിശ്ശികയായ ശമ്പളത്തിന്റെ മൂന്നിലൊന്നാണ് വിതരണം ചെയ്യുന്നത്. ശമ്പള വിതരണത്തിനായി 50 കോടി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് കൈമാറിയിരുന്നു. ശമ്പള വിതരണം ഇന്നും തിങ്കളാഴ്ചയുമായി പൂര്‍ത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ ഗതി നിര്‍ണയിക്കുന്ന ചര്‍ച്ചയാണ് തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ചത്തെ ചര്‍ച്ച നിര്‍ണായകമാണ്. ഡ്യൂട്ടി പരിഷ്‌കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്ന് തീരുമാനമാകുമെന്നാണ് പ്രതീക്ഷ. ജീവനക്കാര്‍ക്ക് കൂപ്പണ്‍ അടിച്ചേല്‍പ്പിക്കില്ലെന്നും താല്‍പര്യമുള്ളവര്‍ വാങ്ങിയാല്‍ മതിയെന്നും ആന്റണി രാജു അറിയിച്ചു.

Tags:    

Similar News