ആദ്യം ബിജെപിക്കെതിരേ പ്രതിപക്ഷ ഐക്യം; യുപിഎ നേതൃത്വം ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കാമെന്ന് ശിവസേന
മുംബൈ: കോണ്‍ഗ്രസ്സിനായിരിക്കണം നേതൃത്വമെന്നത് ഒരു ദൈവികമായ അവകാശമല്ലെന്ന പ്രശാന്ത് കിഷോറിന്റെ നിലപാടിനോട് പ്രതികരിച്ച് ശിവസേന. ആദ്യം ബിജെപിക്കെതിരേ പ്രതിപക്ഷം ഒന്നിക്കണമെന്നും നേതൃത്വം ആരായിരിക്കണമെന്നത് രണ്ടാമത്തെ കാര്യമാണെന്നും മുഖപത്രമായ സാമ്‌നയില്‍ എഴുതിയ എഡിറ്റോറിയലില്‍ ശിവസേന അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ്സിനെ സ്വാഭാവിക നേതൃത്വമായി കാണുന്ന പ്രവണതയെ പരിഹസിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ 90 ശതമാനവും കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടുവെന്നത് മറക്കരുതെന്നും ഓര്‍മിപ്പിച്ചിരുന്നു.
അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന്റെ പിന്നാലെ പോകരുതെന്ന് എഡിറ്റോറിയല്‍ പ്രതിപക്ഷ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചു.
'പല സംസ്ഥാനങ്ങളിലും ഇപ്പോഴും കോണ്‍ഗ്രസ് ഉണ്ട്. ഗോവയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ തൃണമൂലില്‍ ചേര്‍ന്നു, എഎപിയുടെ കാര്യത്തിലും ഇത് സത്യമാണ്- യുപിഎ പോലുള്ള സഖ്യം രൂപീകരിക്കുന്നത് ബിജെപിയെ ശക്തിപ്പെടുത്താനേ ഉപകരിക്കൂവെന്നും എഡിറ്റോറിയലില്‍ പറയുന്നു.
അതേസമയം കോണ്‍ഗ്രസ്സ് നേതാക്കളെ സാമ്‌ന പല കാര്യങ്ങളിലും അഭിനന്ദിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും മുന്‍കൈയെടുത്ത് യുപിഎയെ ശക്തിപ്പെടുത്താന്‍ മുന്നോട്ടുവരണമെന്നും സാമ്‌ന നിര്‍ദേശിച്ചു.
ലഖിംപൂര്‍ ഖേരി സംഭവത്തില്‍ പ്രിയങ്ക ഗാന്ധി നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ച ശിവസേന, പ്രിയങ്ക ലഖിംപൂര്‍ ഖേരി സന്ദര്‍ശിച്ചിരുന്നില്ലെങ്കില്‍ കേസ് ഇല്ലാതാകുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവെന്ന നിലയില്‍ അവര്‍ തന്റെ പങ്ക് വഹിച്ചുവെന്നും ചൂണ്ടിക്കാട്ടി.
യുപിഎയെ നയിക്കാന്‍ ആര്‍ക്കാണ് ദൈവികാവകാശമുള്ളതെന്നത് രണ്ടാം സ്ഥാനത്താണ്, ആദ്യം നമ്മള്‍ ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കണം-എഡിറ്റോറിയലില്‍ എഴുതുന്നു.
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) തലവന്‍ ശരദ് പവാറുമായി മുംബൈയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മമത നടത്തിയ പ്രയോഗങ്ങള്‍ കടുത്ത വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു.
'യുപിഎ നിലവിലില്ല' എന്നായിരുന്നു മമതയുടെ പ്രതികരണം. എല്ലാ പ്രാദേശിക പാര്‍ട്ടികളും ഒന്നിച്ചാല്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ (ബിജെപി) പരാജയപ്പെടുത്തുന്നത് വളരെ എളുപ്പമാണെന്നും അവര്‍ പറഞ്ഞു.