യുപിയില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് പ്രചരിപ്പിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് യോഗി ആദിത്യനാഥ്

Update: 2021-04-25 09:49 GMT
യുപിയില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് പ്രചരിപ്പിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നോ: ഓക്‌സിജന്‍ ക്ഷാമം മൂലം നൂറുകണക്കിനുപേര്‍ ചികില്‍സ കിട്ടാതെ നരകിക്കുകയും ആശുപത്രികള്‍ പൂട്ടുകയും ചെയ്യുന്നതിനിടയില്‍ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ എഴുതുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്നും അത്തരം കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ദേശീയ സുരക്ഷാനിയമമനുസരിച്ച് കേസെടുക്കുമെന്നും അവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നുമാണ് യോഗിയുടെ ഭീഷണി. സാമൂഹികമാധ്യമങ്ങളിലൂടെ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് പറയുന്നവര്‍ സംസ്ഥാനത്തെ 'അന്തരീക്ഷം' നശിപ്പിക്കുന്നുവെന്നാണ് ആരോപണം.

സംസ്ഥാനത്തെ ഒരു കൊവിഡ് ആശുപത്രിയിലും ഓക്‌സിന്‍ ക്ഷാമമില്ല. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും വേണ്ടത്ര ഓക്‌സിജനുണ്ട്. യഥാര്‍ത്ഥ പ്രശ്‌നം കരിഞ്ചന്തയും പൂഴ്ത്തിവപ്പുമാണ്- യോഗി പറയുന്നു.

ശനിയാഴ്ച പ്രത്യേകം തിരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫ്രന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓക്‌സിജന്‍, മരുന്ന് കരിഞ്ചന്ത നടത്തുന്നവര്‍ക്കെതിരേയും കൊവിഡുമായി ബന്ധപ്പട്ട 'കിംവദന്തി'കള്‍ പരത്തുന്നവര്‍ക്കും എന്‍എസ്എ, ഗുണ്ടാനിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്ന് കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തില്‍ യോഗി ആവശ്യപ്പെട്ടിരുന്നു.

രണ്ട് ദിവസം മുമ്പ് ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് വാര്‍ത്ത വന്നിരുന്ന ആശുപത്രിയില്‍ പിന്നീട് അന്വേഷിച്ചപ്പോള്‍ ഓക്‌സിജന്‍ ഉണ്ടെന്ന് മനസ്സിലായതായി യോഗി അവകാശപ്പെട്ടു.

സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിനുള്ള നീക്കം നടക്കുന്നതായി യോഗി ആദിത്യനാഥ് ആരോപിച്ചു. ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് എഴുതുന്നവര്‍ക്കെതിരേ ശക്തമായ കേസു ചുമത്താനും എഫ്‌ഐആര്‍ രേഖപ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Tags:    

Similar News