തിരുവനന്തപുരം: കേരള വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ. പി സതീദേവി വെള്ളിയാഴ്ച രാവിലെ പത്തിന് ചുമതലയേല്‍ക്കും. കേരള വനിതാ കമ്മിഷന്റെ ഏഴാമത്തെ അധ്യക്ഷയാണ് കോഴിക്കോട് വടകര സ്വദേശിയായ അഡ്വ. പി സതീദേവി. 2004 മുതല്‍ 2009 വരെ വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണബാങ്ക് ഡയറക്ടര്‍, ഉത്തര മേഖലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കണ്ണൂര്‍, കോഴിക്കോട് ജില്ലാ കോടതികളില്‍ അഭിഭാഷകയായിരുന്നു. മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും സ്ത്രീശബ്ദം മാഗസിന്റെ ചീഫ് എഡിറ്ററും സുശീലാ ഗോപാലന്‍ സ്ത്രീപദവി നിയമപഠന കേന്ദ്രം അധ്യക്ഷയുമായിരുന്നു. കലിക്കറ്റ് യൂനിവേഴ്‌സിറ്റി സെനറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയായിരുന്നു. പരമാധികാരികള്‍ നമ്മള്‍ തന്നെ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാനകമ്മിറ്റിയംഗം പി ജയരാജന്റെ സഹോദരിയാണ്.
ചാനല്‍ ചോദ്യോത്തര പരിപാടിക്കിടെ പരാതിക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്ന് എംസി ജോസഫൈന്‍ രാജിവച്ച ഒഴിവിലാണ് സതീദേവിയുടെ നിയമനം.