നെല്ലു സംഭരണം: കേരള ബാങ്കുമായി സപ്ലൈകോ കരാറായി; പണം വിതരണം വെള്ളിയാഴ്ച മുതല്‍
തിരുവനന്തപുരം: നെല്ലുസംഭരണ പദ്ധതി പ്രകാരം കര്‍ഷകരില്‍ നിന്ന് സപ്ലൈകോ 202223 ഒന്നാം വിള സീസണില്‍ സംഭരിച്ച നെല്ലിന്റെ വിലയായി വിതരണം ചെയ്യാന്‍ ബാക്കിയുള്ള 195 കോടി രൂപ നാളെ മുതല്‍ വിതരണം ചെയ്യും. ഇതിനായി പാഡി റെസീപ്റ്റ് ഷീറ്റിന്റെ അടിസ്ഥാനത്തില്‍ വായ്പ നല്‍കുന്നതിന് കേരള ബാങ്ക് സപ്ലൈകോയുമായി കരാറില്‍ ഒപ്പുവച്ചു.
76611 കര്‍ഷകരില്‍ നിന്നായി 2.3 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് ഈ സീസണില്‍ സംഭരിച്ചത്. ഇതില്‍ 46,314 കര്‍ഷകര്‍ക്കായി 369.36 കോടി രൂപ നേരത്തെ നല്‍കിയിരുന്നു. ശേഷിച്ച തുകയായ 195 കോടി രൂപയാണ് കേരള ബാങ്ക് വഴി വിതരണം ചെയ്യുക. തുക കിട്ടാനുള്ള കര്‍ഷകര്‍ തൊട്ടടുത്ത കേരള ബാങ്ക് ശാഖയെ സമീപിക്കണം. ഒരുകിലോ നെല്ലിന് 28.20 രൂപയാണ് താങ്ങുവിലയായി കര്‍ഷകര്‍ക്ക് ലഭിക്കുക. രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന വിലയാണ് നെല്ലിന്റെ താങ്ങുവിലയായി സംസ്ഥാനത്ത് നല്‍കിവരുന്നത്.