പഹല്‍ഗാം ആക്രമണം; പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണം; മോദിക്ക് കത്തെഴുതി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Update: 2025-04-29 05:33 GMT
പഹല്‍ഗാം ആക്രമണം; പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണം; മോദിക്ക് കത്തെഴുതി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. നിരവധി പ്രതിപക്ഷ എംപിമാര്‍ സര്‍ക്കാരിനോട് സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

'ഐക്യവും ഐക്യദാര്‍ഢ്യവും അനിവാര്യമായ ഈ സമയത്ത്, പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം എത്രയും വേഗം വിളിച്ചുകൂട്ടേണ്ടത് പ്രധാനമാണെന്ന് പ്രതിപക്ഷം വിശ്വസിക്കുന്നു,' എന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഖാര്‍ഗെ പറഞ്ഞു.

'ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ നിരപരാധികളായ പൗരന്മാര്‍ക്ക് നേരെ നടന്ന ക്രൂരമായ ആക്രമണത്തെ നേരിടാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തിന്റെയും ഇച്ഛാശക്തിയുടെയും ശക്തമായ പ്രകടനമായിരിക്കും ഇത്. അതനുസരിച്ച് സമ്മേളനം വിളിച്ചുകൂട്ടുമെന്ന് ഞങ്ങള്‍ ആത്മാര്‍ഥമായി പ്രതീക്ഷിക്കുന്നു' ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പഹല്‍ഗാം ആക്രമണത്തെക്കുറിച്ചുള്ള സര്‍വകക്ഷി യോഗത്തില്‍ നിന്ന് പ്രധാനമന്ത്രി വിട്ടുനിന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്ത് ഭിന്നത സൃഷ്ടിക്കുന്നത് ബിജെപിയാണെന്നും അദ്ദേഹം ആരോപണമുന്നയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരും ഒരുമിച്ച് പോരാടാന്‍ ആഗ്രഹിക്കുന്നുവെന്നും പക്ഷേ ബിജെപി വിഷം പരത്തി ആളുകളെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്നു എന്നുമായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം.

Tags:    

Similar News