കാലുമാറ്റം കലയാക്കി പാലാ മണ്ഡലം: ജോസ് കെ മാണിയും മാണി സി കാപ്പനും ഏറ്റുമുട്ടുന്നത് മറുകണ്ടം ചാടലിലൂടെ
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്റെ വിജയത്തിനു വേണ്ടി പ്രചരണത്തിനിറങ്ങിയ പിണറായ വിജയന്‍ ഇപ്രാവശ്യവും പാലായിലെത്തുന്നുണ്ട്. പക്ഷേ അത് അന്നത്തെ എതിരാളികളായിരുന്ന കേരള കോണ്‍ഗ്രസിനു വേണ്ടിയാണ് എന്ന വ്യത്യാസമാണ് ഉള്ളത്.
പാലാ: വളര്‍ന്നും പിളര്‍ന്നും രാഷ്ട്രീയ കേരളത്തിന് കൂറുമാറ്റത്തിന്റെ അനന്തസാധ്യതകള്‍ കാണിച്ചുകൊടുത്ത പാലായില്‍ ഈ തിരഞ്ഞെടുപ്പിലും ദൃശ്യമാകുന്നത് കാലുമാറ്റത്തിന്റെയും മറുകണ്ടം ചാടലിന്റെയും നിലപാട് മാറ്റങ്ങള്‍. കെ എം മാണിയുടെ മരണത്തെ തുടര്‍ന്ന് പാലായിലുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു വേണ്ടി മത്സരിച്ച് അട്ടിമറി വിജയം നേടിയ മാണി സി കാപ്പന്‍ ഇപ്രാവശ്യം യുഡിഎഫ് സ്ഥാനാര്‍ഥിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. അതേസമയം കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനു വേണ്ടി മണ്ഡലം നിലനിര്‍ത്താന്‍ സകല അടവും പയറ്റിയ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി ഇപ്രാവശ്യം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിട്ടാണ് മത്സരിക്കുന്നത്.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്റെ വിജയത്തിനു വേണ്ടി പ്രചരണത്തിനിറങ്ങിയ പിണറായ വിജയന്‍ ഇപ്രാവശ്യവും പാലായിലെത്തുന്നുണ്ട്. പക്ഷേ അത് അന്നത്തെ എതിരാളികളായിരുന്ന കേരള കോണ്‍ഗ്രസിനു വേണ്ടിയാണ് എന്ന വ്യത്യാസമാണ് ഉള്ളത്. അന്ന് മാണി സി കാപ്പനു വേണ്ടി വോട്ടു ചോദിക്കാനാണ് പിണറായി വിജയന്‍ എത്തിയതെങ്കില്‍ ഇപ്രാവശ്യം അദ്ദേഹത്തെ പരാജയപ്പെടുത്തണമെന്നാണ് ആവശ്യപ്പെടുക. ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ നേടിയ വിജയം സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് എല്‍ഡിഎഫ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്രാവശ്യം മാണി സി കാപ്പന്‍ വിജയക്കുന്നത് എല്‍ഡിഎഫിന്റെ പരാജയമായിട്ടാണ് മാറുക. കഴിഞ്ഞ പ്രാവശ്യം കേരള കോണ്‍ഗ്രസ് എമ്മിനു വേണ്ടി പ്രചാരണത്തിനെത്തിയ യുഡിഎഫ് നേതാക്കളെല്ലാം ഇപ്രാവശ്യം അവര്‍ക്കെതിരെ പ്രവര്‍ത്തിക്കാനാണ് മണ്ഡലത്തിലെത്തുക. അതുപോലെ മാണി സി കാപ്പന് വോട്ടഭ്യര്‍ഥിച്ചിരുന്ന എല്‍ഡിഎഫ് നേതാക്കള്‍ അദ്ദേഹത്തെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളുമായിട്ടാണ് ഇപ്രാവശ്യം മണ്ഡലം സന്ദര്‍ശിക്കുക
പാലാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് പി ജെ ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നും തെറ്റിപ്പിരിയാന്‍ കാരണമായത്. അതോടൊപ്പം കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി കെ.എം.മാണിയുടെ മകന്‍ ജോസ് കെ.മാണിയും പി.ജെ.ജോസഫും തമ്മിലുള്ള പരസ്യമായ ഏറ്റുമുട്ടലും വിഭാഗീയതക്ക് ആഴം കൂട്ടി. ജോസ് കെ മാണി നിശ്ചയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് പാര്‍ട്ടി ചിഹ്നമായ രണ്ടില നിഷേധിച്ചാണ് പി ജെ ജോസഫ് അന്ന് പകരം വീട്ടിയത്. ഇപ്പോള്‍ കോടതി വിധിയിലൂടെ ജോസ് കെ മാണി വിഭാഗത്തിനു തന്നെ രണ്ടില ചിഹ്നം തിരിച്ചുകിട്ടിയിട്ടുണ്ട്. പക്ഷേ അപ്പോഴേക്കും മുന്നണി മാറി എല്‍ഡിഎഫിലെത്തിയതിനാല്‍ കഴിഞ്ഞ പ്രാവശ്യം യുഡിഎഫിനു നഷ്ടപ്പെട്ട രണ്ടില ചിഹ്നം ഇപ്രാവശ്യവും ലഭിക്കില്ല.