പാലക്കാട്ട് അമ്മയും നവജാത ശിശുവും മരിച്ച സംഭവം: ഡിഎംഒ ആരോഗ്യമന്ത്രിക്ക് പ്രാഥമിക റിപോര്‍ട്ട് കൈമാറി
പാലക്കാട്: തങ്കം ആശുപത്രിയില്‍ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ പാലക്കാട് ഡിഎംഒ പ്രാഥമിക റിപോര്‍ട്ട് കൈമാറി. ആരോഗ്യമന്ത്രിക്കാണ് റിപോര്‍ട്ട് നല്‍കിയത്. അമ്മയ്ക്കും കുഞ്ഞിനും ലഭിച്ച ചികില്‍സ, പരിചരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് നല്‍കിയത്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം വിശദമായ റിപോര്‍ട്ട് നല്‍കുമെന്ന് പാലക്കാട് ഡിഎംഒ അറിയിച്ചു.
തങ്കം ആശുപത്രിയ്‌ക്കെതിരേ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിക്കെതിരേ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഉപയോഗിക്കുന്നത്. തങ്കം ആശുപത്രിക്കെതിരേ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് വീണ്ടും മരിച്ച ഐശ്വര്യയുടെ കുടുംബം രംഗത്തുവന്നു. ഐശ്വര്യയുടെ ആരോഗ്യത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ കൃത്യമായ വിവരങ്ങളൊന്നും നല്‍കിയിരുന്നില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. അനുമതി പത്രങ്ങളില്‍ ചികില്‍സയുടെ പേര് പറഞ്ഞ് നിര്‍ബന്ധപൂര്‍വം ഒപ്പുവാങ്ങി. ഗര്‍ഭപാത്രം നീക്കിയതുപോലും അറിഞ്ഞിരുന്നില്ല. ആശുപത്രി അധികൃതരോട് അങ്ങോട്ട് ചോദിച്ചപ്പോഴാണ് അക്കാര്യം അറിയിച്ചതെന്നും കുടുംബം ആരായുന്നു.
ഗര്‍ഭിണിയായ 25 കാരിയായ ഐശ്വര്യയെ കഴിഞ്ഞ ദിവസമാണ് തങ്കം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറഞ്ഞു. വാക്വം ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്തു. അതിനിടെ ഐശ്വര്യയ്ക്ക് അമിതരക്തസ്രാവമുണ്ടായി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. നവജാത ശിശു പിറ്റേ ദിവസവും മരിച്ചു. മരണം ചികില്‍സാ പിഴവ് മൂലമാണെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഐശ്വര്യയുടെ കുടുംബം.