പാലക്കാട് നഗരസഭാ കൗണ്‍സിലില്‍ കൈയാങ്കളി; സംഭവം ബിജെപി-എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍

Update: 2024-11-26 07:50 GMT

പാലക്കാട്: പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും കൈയാങ്കളിയും. ബിജെപി- എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മിലായിരുന്നു തര്‍ക്കം. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ കൗണ്‍സില്‍ യോഗമാണ് കൈയാങ്കളിയില്‍ കലാശിച്ചത്.

ഉപതിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. എന്‍ ശിവരാജന്‍ ഉള്‍പ്പെടെയുള്ള ബിജെപി കൗണ്‍സിലര്‍മാരും എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും തമ്മിലാണ് കൈയാങ്കളി ഉണ്ടായത്.ബിജെപി വോട്ടുകള്‍ എവിടെപ്പോയെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചോദിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്. ഇത് ചോദിക്കാന്‍ സിപിഎമ്മിന് എന്ത് അവകാശമുണ്ടെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ മറുചോദ്യം ചോദിച്ചു. ഇതിനിടെ, എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും നഗരസഭാ അധ്യക്ഷ പ്രമീള ശശിധരനും തമ്മിലായി വാക്കേറ്റം.

ലീഗ് കൗണ്‍സിലര്‍ സെയ്ദ് മീരാന്‍ ബാബു സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ അധ്യക്ഷ അനുമതി നല്‍കാത്തതാണ് തര്‍ക്കത്തിന് തുടക്കം. അധ്യക്ഷക്ക് നേരെ പ്രതിഷേധം തുടര്‍ന്നപ്പോള്‍ പ്രതിരോധവുമായി എന്‍ ശിവരാജന്‍ നടുത്തളത്തില്‍ ഇറങ്ങി. കോണ്‍ഗ്രസ് പ്രതിനിധി മന്‍സൂറിനെയാണ് അധ്യക്ഷ ക്ഷണിച്ചത്. തര്‍ക്കം പരിഹരിക്കാന്‍ വന്ന മന്‍സൂറും ശിവരാജനും തമ്മില്‍ കയ്യാങ്കളിയായി.

എന്നാല്‍ പാലക്കാട് നഗരസഭ അധ്യക്ഷയായ പ്രമീളാ ശശിധരന്‍ സഹോദരിയെ പോലെയാണെന്നും അവര്‍ പറയുന്നതില്‍ എന്തെങ്കിലും യാഥാര്‍ഥ്യമുണ്ടെങ്കില്‍ പരിശോധിക്കാന്‍ തയ്യാറാണെന്നും സി കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

''സാധാരണ വീട്ടമ്മയായിരുന്ന, സാധരണ നഗരസഭ കൗണ്‍സിലര്‍ മാത്രമായിരുന്ന, തികഞ്ഞ രാഷ്ട്രീയക്കാരിയല്ലാത്ത അവര്‍ വൈകാരികമായി പ്രതികരിക്കും. ഞാനും പ്രമീള ചേച്ചിയും 25 വര്‍ഷമായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. എന്റെ സഹോദരിയെ പോലുള്ള വ്യക്തിയാണവര്‍. കുടുംബപരമായിട്ടും വളരെ അടുപ്പമുണ്ട്. അങ്ങനെ ചേച്ചിയെപ്പോലെ ഉള്ള ഒരാള്‍ പറയുന്നതില്‍ എന്തെങ്കിലും യാഥാര്‍ഥ്യമുണ്ടെങ്കില്‍ അത് പരിശോധിക്കും തിരുത്തല്‍ വേണ്ടിടത്ത് തിരുത്തുകയും ചെയ്യും'' എന്നായിരുന്നു സി കൃഷ്ണകുമാറിന്റെ പ്രതികരണം.

പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കഴിഞ്ഞദിവസം പ്രമീള ശശിധരന്‍ രംഗത്തെത്തിയിരുന്നു.പ്രചാരണത്തിന് പോയപ്പോള്‍ സ്ഥിരം സ്ഥാനാര്‍ഥി നിന്നതിലുള്ള അതൃപ്തി പലരും അറിയിച്ചിരുന്നുവെന്നും അതൃപ്തി മറികടന്നാണ് തങ്ങള്‍ പ്രചാരണത്തിന് പോയതെന്നും പ്രമീള ശശിധരന്‍ പറഞ്ഞിരുന്നു.




Tags:    

Similar News