പാലത്തായി ബാലികാ പീഡനക്കേസ്: പത്മരാജന്റെ ജാമ്യം റദ്ദാക്കി ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പി അബ്ദുല്‍ ഹമീദ്

കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും എസ്ഡിപിഐ

Update: 2021-05-27 10:13 GMT

തിരുവനന്തപുരം: ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസില്‍ പെണ്‍കുട്ടി ലൈംഗീക പീഡനത്തിനിരയായി എന്ന് ശാസ്ത്രീയ പരിശോധനയിലൂടെ അന്വേഷണസംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പത്മരാജന്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണമെന്നും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ച അന്നത്തെ അന്വേഷണത്തലവന്‍ എസ് ശ്രീജിത്ത് ഉല്‍പ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്.

അനാഥ ബാലികയെ പീഡിപ്പിച്ച പ്രതിയെ സംരക്ഷിക്കുന്നതിനും കേസ് അട്ടിമറിക്കുന്നതിനുമായാണ് പോക്‌സോ കേസ് ഒഴിവാക്കിയത്. കൂടാതെ പ്രതിയെ സംരക്ഷിക്കുന്നതിന് അന്നത്തെ ഇടതു സര്‍ക്കാരും സിപിഎമ്മും കേസന്വേഷണത്തില്‍ ഇടപെട്ടതായും ആക്ഷേപമുയര്‍ന്നിരുന്നു. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് അന്വേഷണ സംഘത്തെ മാറ്റുകയും ശ്രീജിത്തിനെ ചുമതലയില്‍ നിന്നു മാറ്റുകയും ചെയ്‌തെങ്കിലും ഇടതുസര്‍ക്കാര്‍ അവിടെയും അമിതാവേശത്തോടെ ക്രൈംബ്രാഞ്ച് മേധാവിയായി ശ്രീജിത്തിനെ നിയമിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നു.

നാലാം ക്ലാസുകാരി പീഡനത്തിനിരയായെന്ന് പുതിയ അന്വേഷണസംഘം സ്ഥിരീകരിച്ചിരിക്കുകയാണ്. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ സംരക്ഷിക്കാന്‍ ആസൂത്രിത ഇടപെടല്‍ നടത്തുകയും കേസ് അട്ടിമറിക്കാന്‍ പഴുതുകളൊരുക്കുകയും ചെയ്ത ഉദ്യോഗസ്ഥരുള്‍പ്പെടെ മുഴുവന്‍ പേര്‍ക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്നും പത്മരാജനെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറുപ്പില്‍ ആവിശ്യപ്പെട്ടു.

Tags:    

Similar News