പാലത്തായി പീഡനം: ക്രൈംബ്രാഞ്ച് എത്തും മുന്‍പ് പ്രതി പത്മരാജനെ പാനൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയതില്‍ ദുരൂഹത

കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ സാഹചര്യത്തില്‍ പാനൂര്‍ പോലിസിന് അന്വേഷണച്ചുമതല ഇല്ലാതിരിക്കെയാണ് റിമാന്റിലായിരുന്ന പ്രതിയെ പാനൂര്‍ സിഐ. ഇ.വി. ഫായിസ് അലി കസ്റ്റഡിയില്‍ വാങ്ങിയത്.

Update: 2020-04-25 07:14 GMT

പിസി അബ്ദുല്ല

കണ്ണൂര്‍: പാനൂര്‍ പാലത്തായി പോക്‌സോ പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ബിജെപി നേതാവും അധ്യാപകനുമായ പ്രതി പത്മരാജനെ പാനൂര്‍ പോലിസ് കസ്റ്റഡിയില്‍ വാങ്ങി. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ സാഹചര്യത്തില്‍ പാനൂര്‍ പോലിസിന് അന്വേഷണച്ചുമതല ഇല്ലാതിരിക്കെയാണ് റിമാന്റിലായിരുന്ന പ്രതിയെ പാനൂര്‍ സിഐ. ഇ.വി. ഫായിസ് അലി കസ്റ്റഡിയില്‍ വാങ്ങിയത്. മൂന്നു ദിവസത്തെ പോലിസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.

പീഡനം നടന്നതായി പരാതിയില്‍ പറയുന്ന സ്‌ക്കൂളില്‍ അടക്കം പ്രതിയെ കൊണ്ടു പോയി പോലിസ് തെളിവെടുത്തു. അതീവ രഹസ്യമായിരുന്നു പോലിസിന്റെ തെളിവെടുപ്പും മറ്റ് നടപടികളും.

നാലാം ക്ലാസുകാരിയായ പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി മാര്‍ച്ച് 17ന് പരാതി ലഭിച്ചിട്ടും ഒരു മാസം കഴിഞ്ഞാണ് പാനൂര്‍ പോലിസ് ബജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായ പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ തലശ്ശേരി ജയിലില്‍ റിമാന്റിലായിരുന്നു. പിടിയിലായ ദിവസം പ്രതിയെ പോലിസ് വിശദമായി ചോദ്യം ചെയ്തിരുന്നില്ല.

പൊയിലൂരിലെ സുഹൃത്തിന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പ്രതി അവസരമൊരുക്കിയതായ അനുബന്ധപരാതി ഉയര്‍ന്നിട്ടും കഴിഞ്ഞ ഒരാഴ്ചയായി പത്മരാജനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പാനൂര്‍ പോലിസ് തയ്യാറായില്ലെന്ന ആക്ഷേപം ശക്തമാണ്.

ഇതിനിടെ, ഞെട്ടിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തൊട്ടു പിന്നാലെ കേസ് ക്രൈംബ്രാഞ്ചിനു കൈമാറുകയും ചെയ്തു.

ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുന്ന ഘട്ടത്തിലാണ് പാനൂര്‍ സിഐ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയ ഘട്ടത്തില്‍ നേരത്തെ അന്വേഷിച്ച പാനൂര്‍ സിഐ തന്നെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത് അട്ടിമറി നീക്കത്തിന്റെ ഭാഗമാണെന്ന ആശങ്ക ചില കേന്ദ്രങ്ങള്‍ക്കുണ്ട്. കേസില്‍ തുടക്കം മുതലേ പാനൂര്‍ പോലിസിനെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നതാണ് ഇപ്പോഴത്തെ നടപടിയും സംശയത്തിലാക്കുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായല്ല പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതെന്ന് പാനൂര്‍ സിഐ ഫയാസ് അലി തേജസ് ന്യൂസിനോട് പറഞ്ഞു. നേരത്തെ നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് നടപടിയെന്നും നാളെ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു. 

Tags:    

Similar News