
വാഷിങ്ടണ്‍: ഗസ ഏറ്റെടുക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനത്തിനെതിരേ വൈറ്റ് ഹൗസിന് പുറത്ത് വന്‍ പ്രതിഷേധം. നൂറുകണക്കിന് ആളുകള്‍ 'പലസ്തീന്‍ വില്‍പ്പനയ്ക്കുള്ളതല്ല' എന്ന പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിച്ചു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വൈറ്റ് ഹൗസ് സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചും ട്രംപ് ഭരണകൂടം ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടും നൂറുകണക്കിനാളുകളാണ് വാഷിങ്ടണ്‍ ഡിസിയില്‍ ഒത്തുകൂടിയത്.

ഗസയെ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള ട്രംപിന്റെ ആഹ്വാനത്തെ 'ഭ്രാന്തമായ' നിലപാടെന്ന് പ്രതിഷേധക്കാര്‍ വിമര്‍ശിച്ചു. 'യുദ്ധക്കുറ്റവാളിയായ' നെതന്യാഹുവിനെ വാഷിങ്ടണ്‍ ഡിസിയിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധക്കാര്‍ രോഷാകുലരാണെന്ന് ഫലസ്തീന്‍ യുവജന പ്രസ്ഥാനത്തിന്റെ സംഘാടകനായ മുഹമ്മദ് കാസിം പറഞ്ഞു. ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് പ്രമുഖ മനുഷ്യാവകാശ ഗ്രൂപ്പുകളും ഐക്യരാഷ്ട്രസഭയിലെ വിദഗ്ധരും ആരോപിച്ചു.