ഗാര്‍ഹിക പീഡനം: പോലിസില്‍ 'ചാരപ്പണി'; രാഹുലിന് ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥന്‍

Update: 2024-05-18 06:13 GMT

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് പോലിസ് സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥനാണെന്ന് വ്യക്തമായി. പിടിക്കപ്പെടാതെ ബംഗളൂരുവില്‍ എത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ഇയാള്‍ രാഹുലിന് പറഞ്ഞുകൊടുത്തു. രാഹുലിനും സുഹൃത്ത് രാജേഷിനും ഇയാള്‍ വിവിധ സഹായങ്ങള്‍ നല്‍കി. ചാരപ്പണി ശ്രദ്ധയില്‍പ്പെട്ട മേലുദ്യോഗസ്ഥര്‍ ഇയാള്‍ക്കെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചു. ഇയാളുടെ കോള്‍ റെക്കോര്‍ഡ്‌സ് അടക്കം പരിശോധിക്കാന്‍ കേസന്വേഷിക്കുന്ന പോലിസ് സംഘം തീരുമാനിച്ചു.

പന്തീരാങ്കാവ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസറായ ആളാണ് ആരോപണ വിധേയന്‍. എന്നാല്‍ ഇയാളുടെ പേര് വിവരം അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഇയാള്‍ നിരന്തരം രാഹുലുമായി ഫോണില്‍ സംസാരിച്ചിരുന്നു. പരാതി വിവാദമായ ഉടന്‍ രാഹുലിനോട് നാട് വിടാന്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ രാജേഷും ആരോപണ വിധേയനായ പോലിസുകാരനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും വിവരമുണ്ട്.

പന്തീരാങ്കാവ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ കമ്മീഷണര്‍ മെമ്മോ നല്‍കിയിരുന്നു. ഇതേ കേസില്‍ പരാതിക്കാരി ആദ്യം പരാതിയുമായി എത്തിയപ്പോള്‍ പ്രതിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചുവെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് എസ്എച്ച്ഒയെ സര്‍വിസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. രാഹുലിന് വേണ്ടിയുള്ള തിരച്ചില്‍ ഇതിന് ശേഷമാണ് പോലിസ് തുടങ്ങിയത്. ഇന്റര്‍പോളിന്റെ അടക്കം സഹായം തേടി പോലിസ് മുന്നോട്ട് പോകുമ്പോഴാണ് പോലിസ് സേനയിലെ തന്നെ ഒരംഗം പ്രതിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചത്.

Tags:    

Similar News