തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനുമെതിരേ സിപിഎം അന്വേഷണം. റിസോര്‍ട്ട് വിവാദത്തിലാണ് ഇപിക്കെതിരേ അന്വേഷണം. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന ഇപിയുടെ പരാതിയിലാണ് പി ജയരാജനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന് പാര്‍ട്ടി സമിതിയെ നിയോഗിച്ചു. അതേസമയം, സംസ്ഥാന സമിതിയില്‍ ഇ പിയും പി ജയരാജനും തമ്മില്‍ ഏറ്റുമുട്ടി. ഇ പി അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു പി ജയരാജന്റെ ആരോപണം. തനിക്കെതിരേ ഗൂഢാലോചന നടന്നെന്നും വ്യക്തിഹത്യയ്ക്ക് ശ്രമം നടന്നെന്നും ഇ പി ജയരാജന്‍ സമിതിയെ അറിയിച്ചു.
കണ്ണൂര്‍ ജില്ലയിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് ഇ പി ജയരാജനെതിരേ പി ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ പരാതി ഉന്നയിച്ചത്. പിന്നാലെ, പി ജയരാജന്‍ അവിഹിതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതികള്‍ പാര്‍ട്ടിക്കു ലഭിച്ചു. ഇ പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് അപ്രതീക്ഷിതമായാണ് പി ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ ആരോപണമുന്നയിച്ചത്. പാര്‍ട്ടി നേതാക്കള്‍ തെറ്റായ വഴിക്ക് സഞ്ചരിക്കുന്നത് തടയാനായി അടിയന്തര കടമകള്‍ എന്ന രേഖ ചര്‍ച്ച ചെയ്യുമ്പോഴായിരുന്നു ആരോപണം. പരാതി ഉന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണം വേണമെന്നും ഡിസംബറില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ പി. ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. ആരോപണം രേഖാമൂലം എഴുതി നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. തെറ്റു ചെയ്താല്‍ എത്ര ഉന്നതനായാലും രക്ഷപ്പെടില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.