പാര്‍ട്ടി തള്ളി; കര്‍ക്കിടക പിതൃതര്‍പ്പണത്തിലെ ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി പി ജയരാജന്‍

Update: 2022-08-02 19:05 GMT

കണ്ണൂര്‍: കര്‍ക്കിടക വാവിലെ പിതൃതര്‍പ്പണവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില്‍ തിരുത്തുമായി സിപിഎം നേതാവ് പി ജയരാജന്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റ് അന്ധവിശ്വാസത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം തള്ളിയതോടെയാണ് തിരുത്തുമായി ജയരാജന്‍ രംഗത്തുവന്നത്. ജൂലൈ 27ന്റെ ഫേസ്ബുക് പേജിലെ കുറിപ്പില്‍ പിതൃതര്‍പ്പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെക്കുറിച്ചാണ് പ്രതിപാദിച്ചതെന്ന് ജയരാജന്‍ പറഞ്ഞു. ആ ഭാഗം അന്ധവിശ്വാസത്തെ പ്രോല്‍സാഹിപ്പിക്കുന്നതായി ചില സഖാക്കള്‍ ചൂണ്ടിക്കാണിച്ചു, പാര്‍ട്ടിയും ശ്രദ്ധയില്‍പ്പെടുത്തി. അത് ഞാന്‍ ഉദ്ദേശിച്ചതായിരുന്നില്ല.

എന്നാല്‍, അത് തെറ്റിദ്ധാരണയുണ്ടാക്കി എന്ന പാര്‍ട്ടിയുടെ വിമര്‍ശനം അംഗീകരിക്കുന്നു. വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ല. തങ്ങളുടെ വീട്ടില്‍ പൂജാമുറിയോ, ആരാധനയോ ഇല്ല. ജീവിതത്തില്‍ ചെറുപ്പകാലത്തിന് ശേഷം ഭൗതികവാദ നിലപാടില്‍ തന്നെയാണ് ഇതേവരെ ഉറച്ചുനിന്നത്. എന്നാല്‍, വിശ്വാസികള്‍ക്കിടയില്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്ന ഇടപെടലുകളില്‍ ജാഗ്രത വേണമെന്ന എന്റെ അഭിപ്രായമാണ് ആ പോസ്റ്റില്‍ രേഖപ്പെടുത്തിയിരുന്നത്.

നാലുവര്‍ഷമായി കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് താനടക്കം നേതൃത്വം കൊടുക്കുന്ന ഐആര്‍പിസിയുടെ ഹെല്‍പ് ഡെസ്‌ക് പിതൃതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് സേവനം നല്‍കിവരുന്നുണ്ട്. ഇത്തവണയും അത് ഭംഗിയായി നിര്‍വഹിച്ചു. ഇത്തരം ഇടപെടലുകള്‍ ആവശ്യമാണെന്ന് ജയരാജന്‍ കുറിച്ചു. കര്‍ക്കിടക മാസത്തെയും രാമായണ പാരായണ ശീലത്തെയും ഹിന്ദുത്വവല്‍ക്കരിച്ച് വര്‍ഗീയത പരത്താന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്നായിരുന്നു ജയരാജന്‍ അന്ന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.

കര്‍ക്കിടകത്തിന്റെ മറ്റൊരു വിളിപ്പേര് രാമായണമാസമെന്നാണ്. തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട് കര്‍ക്കടക മാസത്തില്‍ പാരായണം ചെയ്യുന്ന പതിവ് മലയാളികള്‍ക്കുണ്ട്. ഏറെക്കാലമായി കേരളത്തിലെ വീടുകളില്‍ ഇത് ചെയ്തുവരുന്നെങ്കിലും സമീപകാലത്തുണ്ടായ മാറ്റം ഈ ശീലത്തെ ഹിന്ദുത്വവല്‍ക്കരിച്ച് വര്‍ഗീയത പരത്താനുള്ള സംഘപരിവാര്‍ ശ്രമമാണെന്നും ജയരാജന്‍ പറഞ്ഞിരുന്നു. കൂടാതെ കര്‍ക്കിടകത്തെക്കുറിച്ചും രാമായണ മാസാചരണത്തെക്കുറിച്ചുമുള്ള ഐതിഹ്യങ്ങളും ജയരാജന്‍ ഫേസ്ബുക്കില്‍ വിശദീകരിച്ചിരുന്നു.

Full View

Tags:    

Similar News