ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കിയെന്ന്; കൃഷിവകുപ്പ് ജീവനക്കാരന് നടുറോഡില്‍ ക്രൂരമര്‍ദ്ദനം

Update: 2022-11-11 09:41 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് കൃഷിവകുപ്പ് ജീവനക്കാരന് ക്രൂരമര്‍ദ്ദനം. നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനാണ് മര്‍ദ്ദനമേറ്റത്. ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളാണ് പ്രദീപിനെ മര്‍ദ്ദിച്ചത്. പരാതി നല്‍കിയിട്ടും പോലിസ് കേസെടുത്തില്ലെന്ന് പ്രദീപ് ആരോപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് കരമന നീറമണ്‍കരയിലാണ് സംഭവമുണ്ടായത്.

കേശവദാസപുരത്തെ രാസവിള ഗുണമേന്‍മ പരിശോധനാ കേന്ദ്രത്തിലെ വാച്ച്മാനായ പ്രദീപ് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുംവഴിയാണ് മര്‍ദ്ദനമേറ്റത്. ബ്ലോക്കിനിടെ ഹോണടിച്ചുവെന്നാരോപിച്ച് പ്രദീപിന്റെ വാഹനത്തിന് തൊട്ടുമുമ്പിലുണ്ടായിരുന്ന ബൈക്കിലെ രണ്ട് യുവാക്കള്‍ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മുഖത്ത് ഗുരുതര പരിക്കേറ്റ പ്രദീപിന് വായില്‍ മൂന്ന് സ്റ്റിച്ചുണ്ട്. സംഭവം നടക്കുന്ന സമയം നീറമണ്‍കരയില്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നുവെന്ന് പ്രദീപ് പറയുന്നു. ഈ സമയം വാഹനത്തിന് പിന്നിലുള്ളവര്‍ ഹോണ്‍ മുഴക്കിയിരുന്നു.

എന്നാല്‍, താനാണ് ഇത് ചെയ്തതെന്നാരോപിച്ച് തൊട്ടുമുന്നിലുണ്ടായിരുന്ന ബൈക്കിലെ രണ്ട് യുവാക്കള്‍ ഇറങ്ങിവന്ന് മര്‍ദ്ദിക്കുകയായിരുന്നു. യുവാക്കള്‍ തെറ്റിദ്ധരിച്ചാണ് തന്നെ അതിക്രൂരമായി മര്‍ദ്ദിച്ചതെന്ന് പ്രദീപ് കരമന സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 'ബ്ലോക്കിന്റെ ഇടയില്‍ കൂടി കയറിപ്പോവടാ' എന്ന് ആക്രോശിച്ചുകൊണ്ടാണ് ഇവര്‍ മര്‍ദ്ദിച്ചത്. തുടര്‍ന്ന് രണ്ടുപേരും ബൈക്കില്‍ കയറി പോയെന്നും പ്രദീപ് പറഞ്ഞു. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടാന്‍ പോലിസിനായിട്ടില്ല.

Tags:    

Similar News